മാലിന്യ പ്ലാന്റിന് മുന്നിൽ മാലിന്യക്കൂമ്പാരം പ്ലാസ്റ്റിക് ഉൾപ്പെടെ കഴിച്ച് കാട്ടാനകൾ

Mail This Article
മൂന്നാർ ∙ നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിനു മുൻപിൽ തള്ളുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാട്ടാനകൾ കഴിക്കുന്നതായി ആരോപണം. മൂന്നാർ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നു ശേഖരിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങളും മറ്റ് ഭക്ഷണാവശിഷ്ടങ്ങളുമാണ് ചാക്കുകളിൽ കെട്ടി പ്ലാന്റിന് മുൻപിൽ തള്ളുന്നത്. പ്രദേശത്ത് സ്ഥിരമായി തമ്പടിച്ചിട്ടുള്ള 2 ഒറ്റക്കൊമ്പന്മാരാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പതിവായി തിന്നുന്നത്.
ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്നത് ഇവയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. പ്ലാന്റിന് മുൻപിൽ തള്ളിയിരുന്ന മാലിന്യത്തിൽ നിന്നു പടയപ്പ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പതിവായെത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ തിന്നത് വിവാദമായിരുന്നു. തുടർന്ന് 2024 ജനുവരി ആദ്യവാരം പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്ലാന്റിനു മുൻപിൽ തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്ത സ്ഥലത്ത് വീണ്ടും ഇവ തള്ളാനാരംഭിച്ചതോടെയാണ് കാട്ടാനകൾ സ്ഥിരമായി എത്താൻ തുടങ്ങിയത്.