റീടാറിങ് നടത്തിയ നാലുവരിപ്പാതയിൽ വേനൽ മഴയിൽ വീണ്ടും കുഴികൾ

Mail This Article
തൊടുപുഴ ∙ ഒരു മാസം മുൻപ് കുഴികൾ ഉൾപ്പെടെ അടച്ച് റീ ടാറിങ് ചെയ്ത വെങ്ങല്ലൂർ–മങ്ങാട്ടുകവല നാലുവരിപ്പാതയിൽ വേനൽമഴ പെയ്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഷാപ്പുംപടി മുതൽ മങ്ങാട്ടുകവല ജംക്‌ഷൻ വരെ ചെറുതും വലുതുമായി ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വടക്കുംമുറി റോഡിലേക്കു തിരിയുന്ന ഭാഗത്തെ റോഡിനു നടുവിലെ വലിയ കുഴി യാത്രക്കാർക്കു അപകടഭീഷണിയാകുന്നു. നീളത്തിൽ രൂപപ്പെട്ട കുഴി താരതമ്യേന ആഴമുള്ളത് ആയതിനാൽ ഇരുചക്ര വാഹനങ്ങൾക്കാണ് ഏറെ ദുരിതം.
റോഡിനു മധ്യഭാഗത്ത് ആയതിനാൽ കുഴിയിൽ ചാടാതെ പോകാനും വലിയ പ്രയാസമാണ്. രാത്രികാലങ്ങളിൽ കുഴിയിലകപ്പെട്ടു വാഹനങ്ങൾ തെന്നിമാറാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരുമാസം മുൻപാണ് റോഡ് റീ ടാറിങ് ചെയ്തത്. ആഴ്ചകൾക്കകം മെറ്റലുകൾ ഇളകി മാറിയ ഭാഗങ്ങളാണ് മഴ പെയ്തതോടെ കുഴിയായി മാറിയത്. അശാസ്ത്രീയ റോഡ് നിർമാണമാണ് ഇതിനു കാരണമെന്നാണ് ആരോപണം.
വലിയ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നു ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കുണ്ടും കുഴിയും വിള്ളലുകളും മാത്രമാണു പാതയിലുള്ളത്. അതിനാൽ ഇതുവഴിയുള്ള യാത്ര അത്ര സുഗമമല്ല. കുഴി അടയ്ക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.