ADVERTISEMENT

കോവിഡ് മൂന്നാം തരംഗത്തിൽ വായനക്കാരുടെ ആശങ്കകളകറ്റാൻ മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിക്കു മികച്ച പ്രതികരണം. ഐഡിആർഎൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമിതി അംഗവുമായ ഡോ.സുൽഫിക്കർ അലിയാണ് (സീനിയർ കൺസൽറ്റന്റ്, എമർജൻസി മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ) വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നൽകിയത്.

തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും

? ഒന്നര വയസ്സുള്ള കുഞ്ഞിനു കഴിഞ്ഞ ദിവസം പനി വന്നു. ചെറിയ തോതിൽ അപസ്മാരവുമുണ്ടായിരുന്നു. പരിശോധനയിൽ കുഞ്ഞ് കോവിഡ് പോസിറ്റീവ് ആണെന്നു മനസ്സിലായി. എങ്ങനെയാണ് കുഞ്ഞ് പോസിറ്റീവ് ആയതെന്ന് അറിയില്ല. ഇപ്പോൾ പനി മാറി, ആശങ്കപ്പെടേണ്ടതുണ്ടോ.
കുഞ്ഞിനുണ്ടായത് ചെറിയ രൂപത്തിലുള്ള കോവിഡ് അണുബാധയാണ്. വീട്ടിലാരെങ്കിലും വന്നപ്പോഴോ കുഞ്ഞിനെ എടുത്തപ്പോഴോ പകർന്നതാകാം. മറ്റു ലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പേടിക്കേണ്ടതില്ല. ഡോക്ടർ നൽകിയ മരുന്നു കൃത്യമായി കൊടുത്താൽ മതി. കുഞ്ഞുങ്ങൾക്ക് പനിയോടൊപ്പം അപസ്മാരം ഉണ്ടാകുന്നതു സ്വാഭാവികമാണ്. 4–5 വയസ്സുവരെ ഇങ്ങനെ ഉണ്ടാകാം. അതിനുശേഷം ഇതു മാറും.

? രക്തസമ്മർദമുള്ള ആളാണ്. കരുതൽ ഡോസ് വാക്സീനെടുത്തതിന്റെ പത്താം നാൾ കോവിഡ് പോസിറ്റീവ് ആയി. എത്രനാൾ വിശ്രമിക്കേണ്ടിവരും? ഇനി ന്യുമോണിയ പോലുള്ള സങ്കീർണതകൾ ബാധിക്കാനിടയുണ്ടോ?
ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ബൂസ്റ്റർ ഡോസ് സ്വീകരിച്ചപ്പോൾ ശരീരത്തിലുണ്ടായ ആന്റിബോഡിയും കോവിഡ് വന്നതിന്റെ ആന്റിബോഡിയും ഉണ്ടാകും. ഇത് ഇരട്ട പ്രതിരോധമാണു നൽകുക. രക്തസമ്മർദമുള്ളതിനാൽ ശരീരത്തിന് ആവശ്യത്തിനു വിശ്രമം വേണം. ഭാരപ്പെട്ട ജോലികൾ ഉടൻ വേണ്ട. ക്ഷീണം വരാനിടയുണ്ട്. പുതിയ മാനദണ്ഡപ്രകാരം നെഗറ്റീവ് ആയോ എന്നു നോക്കേണ്ടതില്ല. എങ്കിലും ശരീരത്തിനു പൂർണമായി സുഖം വന്നു എന്നുറപ്പായതിനു ശേഷം മാത്രം ഭാരമേറിയ ജോലികൾ ചെയ്തു തുടങ്ങാം. ബൂസ്റ്റർ ഡോസ് കൂടി എടുത്തതിനാൽ ന്യുമോണിയ വരുമെന്ന ആശങ്ക വേണ്ട.

? ഗൃഹപരിചരണത്തിൽ വീട്ടിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? ഏതൊക്കെ മരുന്നുകൾ കഴിക്കണം.
ഹോം ഐസലേഷൻ നിർബന്ധമാണ്. ഒരു മുറിയും ശുചിമുറിയും പ്രത്യേകമായി ഉണ്ടായിരിക്കണം. വീട്ടിലും മാസ്ക് ധരിക്കണം. സുരക്ഷിത അകലം പാലിക്കണം. വീട്ടിൽ പ്രായമായവരോ മറ്റു രോഗങ്ങളുള്ളവരോ ഉണ്ടെങ്കിൽ കൂടുതൽ കരുതൽ വേണം. ഇവരോട് ഒരു തരത്തിലുമുള്ള സമ്പർക്കം ഉണ്ടാകരുത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. കടുത്ത പനി തുടരുകയോ ചുമ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയോ ചെയ്താൽ ഡോക്ടറുടെ സേവനം തേടണം. ആവശ്യമെങ്കിൽ മാത്രം ആശുപത്രിയിലേക്കു മാറാം. പൾസ് ഓക്സി മീറ്ററിൽ ഓക്സിജൻ നില പരിശോധിക്കണം. ഐഎംഎ സംസ്ഥാന അടിസ്ഥാനത്തിൽ പൾസ് ഓക്സിമീറ്റർ ബാങ്കുകൾ തുടങ്ങിയിട്ടുണ്ട്.

ശ്വാസനില 90 ശതമാനത്തിനു താഴെപ്പോയാൽ ആശുപത്രിയിലേക്കു മാറണം. ഡോക്ടർമാർ വീട്ടിലെത്തി പരിശോധിക്കുന്ന സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനവും പ്രയോജനപ്പെടുത്താം. ആശുപത്രിയിൽ പോകണമെങ്കിൽ മുൻകൂട്ടി ബുക് ചെയ്തു മാത്രം പോകുക. ഡോക്ടർ നിർദേശിക്കുന്ന മരുന്നു മാത്രം കഴിക്കുക. പനിയുണ്ടെങ്കിൽ ആവശ്യമെങ്കിൽ മാത്രം പാരസെറ്റാമോൾ കഴിക്കാം. സാധാരണ പനിയോ ഒമിക്രോണോ ആണെങ്കിലും ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല. മരുന്നുകളോട് അലർജിയുള്ളവർ നിർബന്ധമായും ഡോക്ടറുടെ നിർദേശം തേടണം. സ്വന്തം ഇഷ്ടപ്രകാരം വേദനസംഹാരികൾ കഴിക്കരുത്.

? വ്യാപനശേഷി കൂടിയ ഒമിക്രോണിനെതിരെ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം.
സാധാരണ നാം സ്വീകരിച്ചുവരുന്ന കരുതൽ തന്നെയാണു വേണ്ടത്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവയിൽ വിട്ടുവീഴ്ച അരുത്. ആൾക്കൂട്ടത്തിലേക്കു പോകരുത്. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കരുത്. അമിത ആശങ്ക ആവശ്യമില്ല.

? കഴിഞ്ഞ 26 ന് പോസിറ്റീവ് ആയി. പ്രമേഹമുണ്ട്. ഇപ്പോൾ കടുത്ത തലവേദനയും ക്ഷീണവുമാണ്.
രക്തസമ്മർദവും പ്രമേഹവും കൂടുതലുണ്ടോ എന്നു നിരീക്ഷിക്കണം. പനിയും തലവേദനയും കോവിഡ് വരുമ്പോഴുള്ള സാധാരണ ലക്ഷണങ്ങൾ മാത്രമാണ്. രക്തസമ്മർദവും പ്രമേഹവുമുള്ളവർക്ക് സാധാരണയിലധികം ക്ഷീണം ഉണ്ടാകാം. അടുത്തുള്ള സർക്കാർ ഹെൽത്ത് സെന്ററിൽ വിളിച്ച് രക്തസമ്മർദവും പ്രമേഹവും പരിശോധിക്കണം. ഇവ കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം.

? വൃക്ക രോഗിയാണ്. 9 ദിവസം മുൻപ് കോവിഡ് പോസിറ്റീവ് ആയി. എപ്പോഴാണ് പുറത്തിറങ്ങാനാകുക.
വൃക്ക രോഗമുള്ളതിനാൽ 14 ദിവസമെങ്കിലും കഴിഞ്ഞ് പുറത്തിറങ്ങുന്നതാകും നല്ലത്.10 ദിവസം കഴിഞ്ഞും നെഗറ്റീവ് ആകാത്ത ആളുകളുണ്ട്. ഡയാലിസിസ് ചെയ്യുന്ന ആളായതിനാൽ പ്രതിരോധശക്തി ഒരുപക്ഷേ കുറവായിരിക്കും. ആളുകൾക്കനുസരിച്ച് പ്രതിരോധശേഷിയിൽ വ്യത്യാസമുണ്ട്. കുറഞ്ഞത് രണ്ടാഴ്ച വിശ്രമിക്കുക.

? കഴിഞ്ഞ ദിവസം പോസിറ്റീവ് ആയി. പക്ഷേ, 3 ദിവസം മുൻപേ പനിയുണ്ട്. ലക്ഷണങ്ങൾ തുടങ്ങി, 7 ദിവസത്തേക്കാണോ, ടെസ്റ്റ് ചെയ്ത് 7 ദിവസത്തേക്കാണോ ഹോം ഐസലേഷനിൽ കഴിയേണ്ടത്.
ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയി 7 ദിവസം കഴിഞ്ഞ് ഐസലേഷൻ അവസാനിപ്പിക്കാമെന്നതാണ് പുതിയ മാർഗനിർദേശം. മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാത്രമല്ല, നമ്മുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാൻ കൂടിയാണിത്.

? ജലദോഷവും പനിയുമുണ്ട്. ആർടിപിസിആർ എടുത്തിട്ടില്ല. ഇപ്പോൾ പനി മാറി വീട്ടിൽ ഇരുന്നാൽ മതിയോ.
തീർച്ചയായും. നന്നായി വിശ്രമിക്കുക. 7 ദിവസങ്ങൾക്കു ശേഷമേ മറ്റുള്ളവരുമായി സമ്പർക്കം പാടുള്ളൂ. നന്നായി വിശ്രമിക്കുക. നല്ല ഭക്ഷണം കഴിക്കുക. പനി മാറിയാൽ ചെറിയ വ്യായാമങ്ങൾ ചെയ്യാം. ധാരാളം വെള്ളം കുടിക്കുക.

? ആദ്യ വാക്സീൻ എടുത്തിട്ട് 5 മാസമായി. അടുത്ത വാക്സീൻ ഇനി എടുക്കാമോ? താമസ്സിച്ചതുകൊണ്ട് പ്രശ്നമുണ്ടാകുമോ.
കോവിൻ ആപ്പിൽ നോക്കി ഏതു വാക്സീനാണു സ്വീകരിച്ചതെന്നു നോക്കി രണ്ടാം ഡോസ് എത്രയും വേഗം എടുക്കുക. കരുതൽ ഡോസും എടുക്കണം.

? 8 മാസം മുൻപ് കോവിഡ് വന്നു. കഴിഞ്ഞ 1 ന് രണ്ടാം ഡോസ് വാക്സീൻ എടുത്തു. ഇപ്പോൾ പ്രമേഹം വല്ലാതെ കൂടി. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള അളവ് 285 വരെ ആയി. രണ്ടു ഗുളിക ദിവസം കഴിക്കുന്നുണ്ട്. വാക്സീൻ എടുത്തതുകൊണ്ടോ, കോവിഡ് വന്നതുകൊണ്ടോ ആണോ പ്രമേഹം കൂടിയത്.
വാക്സീൻ മൂലമോ കോവിഡ് വന്നു പോയതിനാലോ പ്രമേഹം കൂടുമെന്ന തരത്തിലുള്ള പഠനങ്ങൾ ഇല്ല. ദിവസവും രാവിലെയും വൈകിട്ടും 40 മിനിറ്റ് വീതം നടക്കണം. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കണം. വ്യായാമം കൂട്ടി, ഭക്ഷണം ക്രമീകരിച്ച് പ്രമേഹം കുറയ്ക്കാം.

? ബൂസ്റ്റർ ഡോസ് ഈ മാസം എടുക്കണമെന്ന സന്ദേശം ലഭിച്ചു. ഒരു മാസം മുൻപേ പനി, ചുമ എന്നിവ വന്നിരുന്നു. പരിശോധിച്ചപ്പോൾ നെഗറ്റീവ് ആയിരുന്നു. വാക്സീൻ എടുക്കാൻ കഴിയുമോ.
കോവിഡ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ വാക്സീൻ എടുക്കാം.

ചോദ്യങ്ങൾ ഇവരുടേത്

ബിന്ദു രമേശൻ, നീലേശ്വരം, രാഘവൻ രാമന്തളി, ഹുസൈൻ കണ്ണൂർ, സരിത പറമ്പായി, സജീവൻ ധർമടം, വിഷ്ണു കൂത്തുപറമ്പ്, റസിയ കണ്ണൂർ സിറ്റി, ബേബി കാഞ്ഞങ്ങാട്, അബ്ദുൽ ലത്തീഫ് തൃക്കരിപ്പൂർ, കാർത്യായനി മണ്ടൂർ, സത്യജ പെരളശ്ശേരി, രാജൻ തോട്ടട. (ആവർത്തന സ്വഭാവമുള്ള ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com