നാടൻ പാനീയങ്ങളെ പരിചയപ്പെടുത്തി മേള സംഘടിപ്പിച്ച് വട്ടോളി എൽപി സ്കൂൾ

Mail This Article
ചിറ്റാരിപ്പറമ്പ് ∙ പ്രകൃതിദത്തമായ പഴങ്ങളും ഇലകളും പൂക്കളും മറ്റും ഉപയോഗിച്ചു വൈവിധ്യങ്ങളായ പാനീയങ്ങൾ നിർമിച്ച് വേറിട്ട മാതൃക തീർക്കുകയാണ് വട്ടോളി എൽപി സ്കൂളിലെ പിടിഎയും അധ്യാപകരും. ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും കയ്യടക്കിയ നമ്മുടെ മേഖലയിൽ ആരോഗ്യത്തിനു ഗുണകരമായ നാടൻ പാനീയങ്ങളെ പരിചയപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്.
പിടിഎ ഭാരവാഹികളും മദർ പിടിഎ പ്രവർത്തകരും അധ്യാപകരും ചേർന്നാണ് വ്യത്യസ്ത ഇനങ്ങളിൽപെട്ട ലഘുപാനീയങ്ങൾ ഉണ്ടാക്കിയത്. മല്ലിയില, ശംഖുപുഷ്പം, ചെമ്പരത്തി പുഷ്പങ്ങൾ, കിവി പഴം, നീർമാതളം, പുതിനയില, ചെറിയുള്ളി, പേരയ്ക്ക, ഉണക്ക നെല്ലിക്ക, അവിൽ സംഭാരം, മാങ്ങ കാന്താരി പാനീയം, ഇളനീർ - മുന്തിരി - വത്തക്ക തുടങ്ങിയവയും ഉപയോഗിച്ചുള്ള പ്രകൃതിദത്ത പാനീയങ്ങളാണ് ഒരുക്കിയത്.
40 ഓളം പാനീയങ്ങൾ പ്രദർശനത്തിന് സജ്ജമാക്കി. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വിനീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.ധന്യ, പഞ്ചായത്ത് അംഗം എം.വി.ഷിബു, എ.കെ.സുധാകരൻ, എം.സി.ധനീഷ്, കെ.എം.പൗർണമി, സി.രാഹുൽ എന്നിവർ പ്രസംഗിച്ചു.