513 കുടുംബങ്ങൾക്ക് 5 മാസത്തിനുള്ളിൽ പട്ടയം

Mail This Article
ഇരിട്ടി∙ ഭൂമി കൈവശം ഉണ്ടായിട്ടും പട്ടയം ഇല്ലാത്ത ദുരിതം ഒഴിവാക്കാൻ റവന്യുവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും കൈകോർത്തു മനുഷ്യത്വപരമായി ഇടപെടൽ നടത്താൻ പേരാവൂർ നിയോജക മണ്ഡലംതല പട്ടയ അസംബ്ലിയിൽ തീരുമാനം. താലൂക്കിലെ 53 വാർഡുകളിൽ നിന്നായി പട്ടിക വർഗ, പട്ടിക ജാതി, ലക്ഷം വീട് കോളനി മേഖലയിൽ 513 കുടുംബങ്ങൾ തങ്ങൾ താമസിക്കുന്ന ഭൂമിക്കു പട്ടയം ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ട്രൈബൽ വകുപ്പിൽ നടത്തിയ അന്വേഷണത്തിൽ കിട്ടിയതെന്നും ഇവരുടെ പ്രശ്നം പരിഹരിച്ചു ഡിസംബറിനുള്ളിൽ പട്ടയം ലഭ്യമാക്കുമെന്നും തഹസിൽദാർ സി.വി.പ്രകാശൻ അറിയിച്ചു. കോളനികളിൽ ഊര് മൂപ്പന്റെ പേരിലായിരിക്കും പട്ടയം നേരത്തെ നൽകിയിട്ടുണ്ടാവുക. ഇതുവച്ചു ഇപ്പോൾ കോളനികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂമി അളന്ന് തിരിച്ചു പട്ടയം നൽകാം. നിലവിലുള്ള ഊരുമൂപ്പനും ഇതിനു അധികാരം ഉണ്ടാവും. ഊരുമൂപ്പൻ ഇല്ലെങ്കിലും പട്ടയം ആർക്കും ലഭിക്കാത്ത കോളനികളാണെങ്കിലും പ്രദേശത്തെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ താമസ ഭൂമിയുടെ 4 അതിരുകൾ നിശ്ചയിച്ച് കുടുംബങ്ങൾക്ക് അളന്നു നൽകി പട്ടയം നൽകണം. ഇക്കാര്യം വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടപ്പാക്കണം..
മുണ്ടായാംപറമ്പ് കോളനിയിലെ പട്ടയ പ്രശ്നം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും അയ്യൻകുന്ന് സ്ഥിരസമിതി അധ്യക്ഷ മിനി വിശ്വനാഥനും ഉന്നയിച്ചു. ആറളം ഫാമിലെ 300 കുടുംബങ്ങളുടെ പട്ടയ പ്രശ്നം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷും അയ്യൻകുന്നിലെ പാലത്തുംകടവ്, കച്ചേരിക്കടവ്, കരിക്കോട്ടക്കരി കൊട്ടുകപ്പാറ കോളനികളിലെ പ്രശ്നങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ജോസ്.എ.വൺ, ഐസക്ക് ജോസഫ് എന്നിവരും അവതരിപ്പിച്ചു. ചതിരൂർ 110 കോളനിയിലെ പ്രശ്നങ്ങളും കണിച്ചാർ, ആറ്റഞ്ചേരി, പൂളക്കുറ്റി, പുതുശേരി. ശാന്തിഗിരി മേഖലകളിലെ പട്ടയ പ്രശ്നങ്ങളും യോഗത്തിൽ ഉന്നയിച്ചു. മറ്റു വിഭാഗങ്ങളുടെ അടക്കം പട്ടയം ഇല്ലാത്ത എല്ലാ പരാതികളും പരിശോധിച്ചു സമയബന്ധിതമായി പരിഹാരം ഉണ്ടാക്കാനും അസംബ്ലി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), ടി.ബിന്ദു (മുഴക്കുന്ന്), റോയി നമ്പുടാകം (കൊട്ടിയൂർ), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), പി.പി.വേണുഗോപാലൻ (പേരാവൂർ), ജില്ലാപഞ്ചായത്ത് അംഗം ലിസി ജോസഫ്, താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എം.ലക്ഷ്മണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.