തലശ്ശേരി ബസ് സ്റ്റാൻഡിൽ കെണിയൊരുക്കി അപകടക്കുഴി

Mail This Article
തലശ്ശേരി ∙ നഗരഭരണാധികാരികളെ ഇതൊന്നു ശ്രദ്ധിക്കണേ! പുതിയ ബസ് സ്റ്റാൻഡിന് മധ്യത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിലെ ഓവുചാലിന്റെ സ്ലാബിനിടയിലെ ഗ്രിൽ തകർന്ന് ആഴ്ചകളായി.
മഴ പെയ്തു വെള്ളം നിറഞ്ഞാൽ ആളുകൾ കുഴി കാണാതെ ഇതിനകത്ത് കാൽ താഴ്ന്നു വീണു പരുക്കേറ്റ സംഭവവുമുണ്ടായി. നേരത്തെ മനോരമ ഇതുസംബന്ധിച്ച് വാർത്തയും പ്രസിദ്ധീകരിച്ചു. സ്ലാബ് മാറ്റിയിടാൻ ഇതുവരെയും നടപടിയില്ല.
ബസ് സ്റ്റാൻഡിനകത്ത് യാത്രക്കാർക്ക് അപകടം വരാതിരിക്കാൻ ഇപ്പോൾ ബസ് തൊഴിലാളികൾ ഇതിനകത്ത് പഴയ ടയർ വച്ചിരിക്കുകയാണ്. ഓവുചാലിന് മുകളിലെ സ്ലാബിലെ ഗ്രിൽ പലയിടങ്ങളിലായി പൊട്ടിയിട്ടുണ്ട്. എത്രയും വേഗത്തിൽ ഇവ മാറ്റി സ്ഥാപിക്കണമെന്നാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.