ADVERTISEMENT

കണ്ണൂർ ∙ തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസാണെന്നു സ്ഥിരീകരിച്ചതോടെ, തിരുവനന്തപുരത്തു നിന്നുള്ള എന്റമോളജി സംഘം കോടതിയും പരിസരവും പരിശോധിച്ചു. അസി.എന്റമോളജി ഡയറക്ടർ എം.എസ്.ശശിയുടെ നേതൃത്വത്തിലുള്ള 8 ഡോക്ടർമാരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്. 3 കിലോമീറ്റർ ചുറ്റളവിലുള്ള ലാർവ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.അതേസമയം, കോടതി പരിസരത്തുള്ള 6 വയസ്സുള്ള കുട്ടിക്കു രോഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധനയ്ക്കായി സാംപിൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. 

  കൊളശ്ശേരി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പനിയുമായെത്തിയ 3 പേരുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തേ അയച്ച 24 സാംപിളുകളിൽ എട്ടെണ്ണമാണു പോസിറ്റീവായത്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീനയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ അഡിഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി.മൃദുല, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ‍, ഡിഎംഒ എം.പി.ജീജ, തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ, ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ.ജി.പി.ഗോപാലകൃഷ്ണൻ, അഡ്വ.ബിജേഷ് ചന്ദ്രൻ, നഗരസഭാധ്യക്ഷ കെ.എം.ജമുനറാണി എന്നിവർ പങ്കെടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ കോടതിയും പരിസരവും ശുചീകരിച്ചു. 

ലക്ഷണമുള്ളവർ ചികിത്സ തേടണം; ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം

സിക വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. പനി, തലവേദന, ശരീരവദന, ചുവന്നപാടുകൾ, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ അവഗണിക്കാതെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. രോഗികളിൽ സിക രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണം. സിക റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പനിക്കേസുകൾ കൂടുന്നുണ്ടോയെന്നു നിരീക്ഷിക്കണം. തലശ്ശേരിയിലെ സിക സ്ഥിതി വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു മന്ത്രി നിർദേശം നൽകിയത്.

ഗർഭിണികൾക്കു സിക വൈറസ് ബാധിച്ചാൽ ഗർഭസ്ഥശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗമുള്ള പ്രദേശത്തെ ഗർഭിണികളെ നിരീക്ഷിക്കും. കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. കൊതുകുകടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

നിലവിൽ 8 സിക കേസുകളാണു ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ ആർആർടി സംഘവും കോടതിയും പരിസരവും സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബോധവൽക്കരണം ഇനിയും ശക്തമാക്കും.കണ്ണൂർ ജില്ലയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു,സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്നു മന്ത്രി വീണ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com