കാട് വരണ്ടു; വെള്ളംതേടി മൃഗങ്ങൾ നാട്ടിലേക്ക്

Mail This Article
ചിറ്റാരിപ്പറമ്പ് ∙ കാട് വരണ്ട് തുടങ്ങിയതോടെ വെള്ളം തേടി വന്യ മൃഗങ്ങൾ നാട്ടിലേക്ക്. പരിഹാരത്തിനായി വനത്തിനകത്ത് കുടിവെള്ളം ഒരുക്കാൻ ഊർജിത ശ്രമവുമായി വനംവകുപ്പ്. ചൂടിന്റെ കാഠിന്യം കൂടിയതോടെ വനത്തിനകത്തെ ജലസ്രോതസ്സുകൾ പലതും വറ്റിത്തുടങ്ങി. ജില്ലയിലെ വനമേഖലയിലെ ജലാശയങ്ങളിൽ ചിലയിടങ്ങളിൽ ഭാഗികമായി വെള്ളം ഉണ്ടെങ്കിലും വേനൽ മഴ താമസിച്ചാൽ എല്ലാം വറ്റി വരളും. അഞ്ചരക്കണ്ടി പുഴയുടെയും മാഹി പുഴയുടെയും കൈവഴികൾ ഉത്ഭവിക്കുന്ന കണ്ണവം റിസർവിലെ ഒട്ടേറെ നീർച്ചാലുകൾ ഇത്തവണ വേനൽച്ചൂടിനെ തുടർന്ന് വരണ്ടിട്ടുണ്ട്. സമാനമായ രീതിയിലാണ് മിക്കയിടങ്ങളിലും. ജില്ലയിൽ കണ്ണവം, കൊട്ടിയൂർ, തളിപ്പറമ്പ് വനം വകുപ്പ് റേഞ്ച് ഓഫിസുകൾക്ക് കീഴിലായി വനത്തിൽ നൂറിലേറെ ജലാശയങ്ങളുണ്ട്. ഇതിൽ പകുതിയോളം വറ്റിത്തുടങ്ങി. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ജില്ലയിൽ ആന, കടുവ, പുലി, കാട്ടി, മാൻ തുടങ്ങിയ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതു പതിവായിട്ടുണ്ട്. ഇത് വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളിൽ നിന്നും വെള്ളം ലഭിക്കാത്തതിനാലും തീറ്റ കുറഞ്ഞതിനാലും ആണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ബ്രഷ് വുഡ് ചെക്ഡാമുകൾ– 20
കണ്ണവം, കൊട്ടിയൂർ, തളിപ്പറമ്പ് വനംവകുപ്പ് റേഞ്ചുകളുടെ നേതൃത്വത്തിൽ പുഴകളിലും, നീർച്ചാലുകളിലും 20 താൽക്കാലിക ബ്രഷ് വുഡ് ചെക്ക് തടയണകൾ നിർമിച്ചു. (മരം, കല്ല്, മണ്ണ് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന താൽക്കാലിക തടയണകൾ). പ്രാദേശികമായി കിട്ടുന്ന തടിയും കല്ലും ചെളിയും ഉപയോഗിച്ചാണു നിർമാണം. ചെലവ് 5000 രൂപ മാത്രം. വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്നാണ് ഇവ നിർമിച്ചത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ചീരത്തോട്, ചീനിത്തോട് ഭാഗങ്ങളിൽ, കൊട്ടിയൂർ റേഞ്ചിലെ ഇരിട്ടി സെക്ഷൻ പരിധിയിലെ തുടിമരം, കണ്ണവം റേഞ്ചിലെ കണ്ണവം പുഴ, പെരുവ, ചെന്നപ്പൊയിൽ ഭാഗങ്ങളിലാണ് ഇവ നിർമിച്ചത്. കടുത്ത വേനൽച്ചൂടിനെ തുടർന്ന് കാടിനകത്തെ നീരുറവകൾ വറ്റി വരളുന്ന സാഹചര്യത്തിൽ വന്യ മൃഗങ്ങൾക്കും പക്ഷികൾക്കും മതിയായ ജീവജലം ലഭിക്കാനായി വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണിത്. ഉയർന്ന അന്തരീക്ഷ താപനിലയും ജല ദൗർലഭ്യവും കാരണം വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ ഇത്തരം തടയണകൾ ഒരു പരിധി വരെ സഹായകരമാണ്. കൂടാതെ ഇവിടങ്ങളിൽ ഉള്ള കോൺക്രീറ്റ് ചെക്ക് ഡാം, വനത്തിൽ നിർമിച്ച കുളങ്ങൾ, ചെറിയ ജലാശയങ്ങൾ എന്നിവിടങ്ങളിലെ ചെളി മണ്ണ് കൂടെ നീക്കം ചെയ്യുന്ന പ്രവൃത്തിയും ആരംഭിക്കും.
തമിഴ്നാട് മാതൃക
വേനൽച്ചൂട് കനത്തതോടെ വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയിടാൻ വനത്തിനോടു ചേർന്നുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ജലാശയങ്ങൾ നിർമിച്ച് വെള്ളം നിറയ്ക്കുകയാണ്. ഇരു ഭാഗങ്ങളിൽ നിന്നും കുളത്തിലേക്ക് ഇറങ്ങാൻ കഴിയുന്ന രീതിയിലാണു നിർമാണം. ഇവിടെ സിസിടിവി സ്ഥാപിച്ച് വെള്ളം കുറയുമ്പോൾ ടാങ്കറിൽ വെള്ളം കൊണ്ടു വന്ന് നിറയ്ക്കും. മേട്ടുപ്പാളയത്ത് നിർമിച്ച ഇത്തരം കുളങ്ങളിൽ വന്യ മൃഗങ്ങൾ വെള്ളം കുടിക്കുന്നത് പതിവായി. ഇതോടെ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കി.