ADVERTISEMENT

∙ ‘പൂരത്തിന് ആനയെ നിർത്തിയതുപോലെയാണ് ഈ തോടിന്റെ വക്കിൽ ആനകൾ തമ്പടിക്കുന്നത്. വനംവകുപ്പുകാർ എല്ലായിടത്തുനിന്നും ആനകളെ‍ ഓടിച്ച് ഈ വയനാടൻകാട്ടിലേക്കു കൊണ്ടുവരും. കുറച്ചുകഴിയുമ്പോഴേക്കും അവ ഇങ്ങോട്ടിറങ്ങും’ – ക്ഷോഭത്തോടെ ശ്യാമ ബബീഷ് പറഞ്ഞു. ആറളത്ത് വഞ്ചിക്കപ്പെട്ട ആദിവാസിസമൂഹത്തിന്റെ പുതുശബ്ദമാണ് ഒൻപതാം ബ്ലോക്കിലെ ശ്യാമ ബബീഷ് (34). ആന ചവിട്ടിക്കൊന്ന വെള്ളി–ലീല ദമ്പതികളുടെ മൃതദേഹത്തെ സാക്ഷിനിർത്തി മന്ത്രി എ.കെ.ശശീന്ദ്രനോട് ആറളത്തുള്ളവരുടെ ദുരിതം ഉറക്കെ വിളിച്ചുപറഞ്ഞതു ശ്യാമയാണ്. ശ്യാമ ഉറപ്പിച്ചു പറയുന്നു– ‘ഇതുവരെ ഞങ്ങൾക്കു കിട്ടിയതൊക്കെ പൊള്ളവാക്കുകളാണ്. കലക്ടർ ഒപ്പിട്ടുനൽകിയ കടലാസിനുപോലും വിലയില്ലാതായി. ആറളത്തുകാർക്ക് മന്ത്രി ഒരുറപ്പു നൽകിയിട്ടുണ്ട്. അതു പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പാലിച്ചില്ലെങ്കിൽ ഇതുവരെ കണ്ടതുപോലെയാകില്ല’’.

ആറളത്തെ ആദിവാസികൾക്കുവേണ്ടി ആദിവാസികൾ തന്നെ സംസാരിക്കണമെന്നാണ് ശ്യാമയെപ്പോലുള്ള പുതുതലമുറയുടെ ആവശ്യം. അവിടെ രാഷ്്ട്രീയമില്ല. ആദിവാസികൾ ഒന്നിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമല്ല, ആദിവാസികളുടെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്യാമ, പി.കെ.ശ്രുതി എന്നിവരുടെ നിലപാട്. സിപിഎം മഞ്ഞക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ് ശ്യാമ. ശ്രുതി ആറളം ലോക്കൽ കമ്മിറ്റിയംഗവും. പലതവണ പാർട്ടി യോഗങ്ങളിൽ ആറളത്തെ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.

‘ആനമതിൽ നിർമാണം നടക്കാത്ത സ്ഥലത്ത് താൽക്കാലികമായി വൈദ്യുതവേലി നിർമിച്ച ശേഷം ആനയെ തുരത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, അതിനു മുൻപേ തന്നെ ഫാമിലും പുനരധിവാസമേഖലയിലുമുള്ള എല്ലാ ആനകളെയും തുരത്തി ഇവിടെ വയനാടൻ കാട്ടിലെത്തിച്ചു. മുൻപ് രാത്രിമാത്രം പേടിച്ചാൽ മതിയായിരുന്നു. ഇപ്പോൾ പകലും ആന വഴിയിൽ നിൽക്കാൻ തുടങ്ങി’– ശ്യാമ പറഞ്ഞു.

‘കാസർകോട്ടേക്കു കല്യാണം കഴിപ്പിച്ചയച്ച മോളും പേരക്കുട്ടിയും കഴിഞ്ഞദിവസം വീട്ടിൽ വന്നിരുന്നു. എന്നാൽ, അടുത്തദിവസം തന്നെ അവരെ പറഞ്ഞയച്ചു. ആന എപ്പോഴാണു വരികയെന്നു പറയാൻ കഴിയില്ല. ഞങ്ങൾക്കൊക്കെ ഓടി രക്ഷപ്പെടാം. കുഞ്ഞിനെയും കൊണ്ട് അവളെങ്ങനെ ഓടും’’– ആറളത്ത് രാപകൽ സമരം നടത്തിയ ബ്ലോക്ക് പഞ്ചായത്തംഗം വി.ശോഭ ചോദിക്കുകയാണ്.

ജനപ്രതിനിധിയെന്ന നിലയ്ക്ക് എപ്പോഴും ആളുകൾ വിളിക്കും. 
ഒരിക്കൽ പോകുമ്പോൾ ആനയുടെ മുന്നിൽപെട്ടു. ഞാൻ ഓടിരക്ഷപ്പെട്ടു. ആന എന്റെ സ്കൂട്ടർ ചവിട്ടിനശിപ്പിച്ചു. എത്രകാലം ഇങ്ങനെ കഴിയുമെന്നറിയില്ല. അപകടത്തിൽപ്പെട്ട ഷിജുവിനെയും അമ്പിളിയെയും കാണാൻ പോകണമെന്നുണ്ട്. അവരുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ ആനയുണ്ടാകും. ജീവനിൽ കൊതിയുണ്ടാകാത്തവരുണ്ടാകുമോ? ഏതായാലും എല്ലാറ്റിനും ഒരു തീരുമാനുണ്ടാക്കിയേ ഞങ്ങൾ ഇനി ശാന്തരാകൂ’– ശോഭ പറഞ്ഞു.

എല്ലാം എല്ലാവർക്കുമറിയാം
∙ ശ്രുതിയും ശ്യാമയും ശോഭയും ചൂണ്ടിക്കാണിച്ചതുപോലെ ആറളത്തെ പ്രശ്നങ്ങൾ എല്ലാ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമറിയാം. വന്യജീവിസങ്കേതത്തോടു ചേർന്ന ഭാഗം പുനരധിവാസത്തിനു നീക്കിവച്ചപ്പോൾത്തന്നെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. വന്യജീവിസങ്കേതത്തോടു ചേർന്ന്, ജനവാസകേന്ദ്രം രൂപപ്പെട്ടാൽ ഭാവിയിൽ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിനു കാരണമാവുമെന്ന് പുനരധിവാസം തുടങ്ങുമ്പോഴേ സൂചിപ്പിച്ചിരുന്നു.

പി.കെ.ശ്രുതി
പി.കെ.ശ്രുതി

ഇപ്പോൾ ഫാം നിൽക്കുന്ന സ്ഥലം പുനരധിവാസത്തിനു നൽകണമെന്നായിരുന്നു പകരം നിർദേശം. ഇക്കാര്യം വ്യക്തമാക്കി അന്നത്തെ ആറളം വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഉത്തമൻ ഔദ്യോഗികമായിതന്നെ മേലുദ്യോസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അതാരും ഗൗനിച്ചില്ല. കെ.വി.ഉത്തമന്റെ റിപ്പോർട്ട് ശരിവയ്ക്കുംപോലെയാണ് പിന്നീടുണ്ടായത്. അന്നത്തെ നിർദേശം പാലിച്ചിരുന്നെങ്കിൽ 14 ജീവൻ നഷ്ടപ്പെടില്ലായിരുന്നു. പുനരധിവാസം പാളില്ലായിരുന്നു.

2006ൽ ആണ് പുനരധിവാസം തുടങ്ങിയത്. 2013ൽ ആണ് ഇവിടെ വൈദ്യുതി ലഭിക്കുന്നത്. ഇത്രയുംകാലം ഇരുട്ടിലായിരുന്നു ഇവരുടെ ജീവിതം. വൈദ്യുതിയും ശുദ്ധജലവും ഗതാഗത സൗകര്യമൊന്നുമില്ലാതെ മടുത്ത് കുറേപ്പേർ ഇവിടം വിട്ടു.ഫാം കൈമാറുന്നതിനു മുൻപ്, വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനു സോളർവേലിയും നിരന്തര നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു ഫാം അധികൃതർ.

അതൊക്കെ കൊണ്ടുതന്നെ മൃഗങ്ങൾ കാർഷികവിളകൾ നശിപ്പിക്കാൻ എത്തുമായിരുന്നില്ല. എന്നാൽ കൈമാറ്റത്തോടെ വനാതിർത്തിയിൽനിന്ന് ഫാം അധികൃതർ പിൻവാങ്ങുകയും പുനരധിവാസം നീണ്ടുപോവുകയും ചെയ്തതോടെ സോളർവേലികൾ സംരക്ഷിക്കപ്പെടാതെ തകർന്നു. പുനരധിവാസം ആരംഭിക്കാൻ വൈകിയ രണ്ടുകൊല്ലം കൊണ്ട് പുനരധിവാസഭൂമി കാടായി.

ഇതോടെ വന്യജീവി സങ്കേതത്തിൽ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങൾ ഫാമിലേക്കു കടന്നു. ആന, മാൻ, മയിൽ, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയും ഫാമിൽ താവളമുറപ്പിച്ചു. 40 ആനയെങ്കിലും ഇവിടെയുണ്ടാകും. പുനരധിവാസ മേഖലയും കടന്നെത്തിയ ജീവികൾ ഫാമിലെ വിളകളിൽ കണ്ണുവച്ചു.

കൃഷിഭൂമിയിൽ താവളമാക്കിയ വന്യജീവികളെ വീണ്ടും വന്യജീവിസങ്കേതത്തിലേക്കു തുരത്തുക അസാധ്യമായി. തുരത്തിയാലും വനാതിർത്തി വഴി വീണ്ടും പുനരധിവാസകേന്ദ്രത്തിലും കൃഷിഭൂമിയിലും എത്തും. കൃഷിഭൂമിയിൽനിന്ന് ആനയെ പുനരധിവാസഭൂമിയിലേക്കാണ് ഇപ്പോൾ തുരത്തുന്നത്. ‌ആനമതിൽ നിർമാണം പൂർത്തിയാകാതെ ഈ പ്രശ്നത്തിനു പരിഹാരമാകില്ല.

ഉന്നതവിദ്യാഭ്യാസം സ്വപ്നമല്ല, അവകാശമാണ്
ആനപ്പേടിയിൽ എല്ലാവരും ആശങ്കപ്പെട്ടിരിക്കുമ്പോൾ വിദ്യാഭ്യാസം നഷ്ടപ്പെടുന്നൊരു തലമുറയാണ് ആറളത്തുള്ളത്. കോടികൾ ചെലവിട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഫലപ്രദമായ വിദ്യാഭ്യാസം നടക്കുന്നുണ്ടോയെന്നു ചോദിച്ചാൽ ഇല്ലെന്നു പറയാം. ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തുപോകുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.

ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം ഫലപ്രദമാക്കാൻ കൃത്യമായ പദ്ധതിയൊന്നും ആറളത്തിലില്ല. ഫാം ഗവ.സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം തുടങ്ങിയെങ്കിലും 9 അധ്യാപക തസ്തികകളിൽ ഒന്നു പോലും അനുവദിച്ചിട്ടില്ല. സ്ഥിരം അധ്യാപകനായി പ്രിൻസിപ്പൽ മാത്രമേയുള്ളൂ. ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ എസ്എസ്എൽസി കഴിയുമ്പോൾ പ്ലസ് ടു വിദ്യാഭ്യാസം ഉറപ്പു വരുത്താൻ 2019 ൽ അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളിലാണ് സ്ഥിരം അധ്യാപകരില്ലാത്തത്.

പകുതിയോളം കുട്ടികൾ സ്കൂളുകളിൽ എത്തുന്നില്ലെന്നതാണു സത്യം. ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവർ നന്നേ കുറവാണ്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നവർ തീരെയില്ല.പ്ലസ് ടുവിനു ശേഷം എന്താണു പഠിക്കേണ്ടതെന്നുള്ള മാർഗനിർദേശം നൽകാൻ ഒരു സംവിധാനവും ഇവിടെയില്ല. ഫാമിന്റെ നേതൃത്വത്തിൽ ഹയർ എജ്യുക്കേഷൻ സെൽ രൂപീകരിക്കാനൊരുങ്ങുകയാണ് അഡ്മിനിസ്ട്രേറ്റർ കെ.പി.നിധീഷ്കുമാർ.

പ്ലസ് ടു കഴിഞ്ഞവർക്ക് സെല്ലിൽ പേര് റജിസ്റ്റർ ചെയ്യാം. അവർക്കുവേണ്ട എല്ലാസൗകര്യവും സെൽ ഒരുക്കിക്കൊടുക്കും. വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി ഇടപെട്ടാൽ മാത്രമേ പുതുതലമുറയെയെങ്കിലും രക്ഷിക്കാൻ കഴിയൂയെന്ന തിരിച്ചറിവിന്റെ തുടക്കമാണിത്. 

English Summary:

Arayal's Adivasi community faces a devastating human-wildlife conflict due to elephant attacks. Shyama Babish and others are demanding immediate action, including an electric fence and improved educational opportunities for the next generation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com