മുഖ്യമന്ത്രിയുടെ ഉറപ്പ് കാറ്റിൽപറത്തി ജപ്തി; കുടുംബം അന്തിയുറങ്ങിയത് വരാന്തയിൽ

Mail This Article
കുന്നുംകൈ (കാസർകോട്) ∙ വായ്പയ്ക്ക് ഈട് വീടാണെങ്കിൽ, ജപ്തി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കാറ്റിൽപറത്തി വീട്ടിൽ ആളില്ലാത്ത സമയത്ത് കേരള ബാങ്കിന്റെ ജപ്തി. കിനാനൂർ കരിന്തളം പഞ്ചായത്തിലാണ് 70 വയസ്സുള്ള ജാനകിയും ചെറിയ പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കിയത്. ജാനകിയുടെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്താണ് ജപ്തി.
മാധ്യമവാർത്തകളെത്തുടർന്ന്, ആലപ്പുഴ ചേർത്തല സ്വദേശി മന്നത്ത് ഉണ്ണിക്കൃഷ്ണൻ വായ്പക്കുടിശികയടച്ച് വീട് ഇന്നലെ വൈകിട്ടോടെ വീണ്ടെടുത്തു.ജാനകിക്കു പുറമേ, മകൻ വിജേഷും മരുമകൾ വിപിനയും ഇവരുടെ ഏഴും മൂന്നും വയസ്സുള്ള പെൺകുട്ടികളുമാണു വീട്ടിൽ കഴിയുന്നത്. ജാനകി 2013ൽ ആണ് കേരള ബാങ്കിന്റെ നീലേശ്വരം ശാഖയിൽനിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്.
വീടിരിക്കുന്ന 16 സെന്റാണ് ഈടായി നൽകിയത്. മകൻ വിജേഷ് തെങ്ങിൽനിന്നു വീണു കിടപ്പിലായതോടെ തിരിച്ചടവു മുടങ്ങി. പലിശയടക്കം കുടിശിക 6 ലക്ഷം രൂപയായി. കേരള ബാങ്കുമായി ഉണ്ണിക്കൃഷ്ണൻ നടത്തിയ ചർച്ചയിൽ 1.92 ലക്ഷം അടയ്ക്കാൻ തീരുമാനമാകുകയായിരുന്നു. തുടർന്ന് അധികൃതർ വൈകിട്ട് 5.30നു വീട് തുറന്നുനൽകി.
അദാലത്തിൽ പലിശ ഇളവുചെയ്തു കൊടുത്തെങ്കിലും തിരിച്ചടയ്ക്കാത്തതിനാൽ സിജെഎം കോടതി നിയോഗിച്ച കമ്മിഷൻ മുഖേനയുള്ള നിയമപരമായ നടപടിക്രമമാണ് ഇപ്പോൾ ഉണ്ടായതെന്നും ജപ്തി സംബന്ധിച്ച് മുൻകൂട്ടി അറിയിച്ചിരുന്നെന്നും കേരള ബാങ്ക് ശാഖാ മാനേജർ കെ.എസ്.ഷാജിമോൻ പറഞ്ഞു.