കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിൽപന: പ്രധാന പ്രതി അറസ്റ്റിൽ

Mail This Article
ഇരവിപുരം∙ കാറുകൾ വാടകയ്ക്ക് എടുത്തു മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാന പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം അമ്പനാട് ശിവ ശൈലത്തിൽ ശരത് കുമാർ(24) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തായ കായംകുളം സ്വദേശിയെ പൊലീസ് തിരയുന്നു. തിരുവനന്തപുരം കരമനയിൽ യുവാവിനെ അടിച്ചു കൊന്ന കേസിലെ പ്രതിയാണ് ശരത് കുമാർ. പത്തനാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതക ശ്രമ കേസിലും ഉൾപ്പെട്ട ശരത് കുമാർ റിമാൻഡിലായിരുന്നു. കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാർ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
അയത്തിൽ സ്വദേശിയായ യുവാവിന്റെ കാർ വാടകയ്ക്ക് എടുത്തു കടന്ന സംഭവത്തിൽ പ്രതിയാണ് ശരത്കുമാർ. ഒാൺലൈൻ വഴി കാറുകൾ വാടകയ്ക്ക് എന്ന പേരിൽ പരസ്യം ചെയ്യുന്ന വാഹന ഉടമകളെയാണ് ശരത് കുമാറും സുഹൃത്തും സമീപിച്ച് കാർ കൈക്കലാക്കി മറിച്ചു വിൽക്കുന്നത്. വാടകയ്ക്കെടുക്കുന്ന കാറുകൾ ലഹരിമരുന്ന്, സ്വർണക്കടത്ത് എന്നിവ നടത്തുന്ന സംഘങ്ങൾക്കാണ് വിൽക്കുന്നതെന്നു മൊഴി നൽകിയിട്ടുണ്ട്.
ശരത് കുമാർ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്തായ കായംകുളം സ്വദേശി അയത്തിൽ നിന്നും തട്ടിയെടുത്ത കാർ കായംകുളത്ത് ഉപേക്ഷിച്ചു. ഈ കാർ ഇരവിപുരം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരവിപുരം ഇൻസ്പെക്ടർ കെ.വിനോദ്,എസ്ഐ മാരായ എ.പി.അനീഷ്,ബിനോദ് കുമാർ,ദീപു,ഗ്രേഡ് എഎസ്ഐ ആന്റണി, സിപിഒമാരായ സാബിത്ത്,വിനു വിജയ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.