ചരിത്രത്തിൽ നിന്നുള്ള ഉറവയുമായി കമ്മാൻകുളം
Mail This Article
കൊല്ലം∙ തേവള്ളി ഹൈസ്കൂൾ ജംംക്‌ഷൻ – അഞ്ചാലുംമൂട് പാത. ഇടതുവശത്ത് തലമുറകൾ പഠിച്ചും അറിഞ്ഞും വളർന്ന ഗേൾസ്, ബോയ്സ് സ്കൂളുകൾ. ദേശീയപാതയായി അടുത്തിടെ സ്ഥാനക്കയറ്റം കിട്ടിയ റോഡിലേക്ക് തണൽ വിരിച്ച് ബോയ്സ് ഹൈസ്കൂൾ വളപ്പിലെ കൂറ്റൻ മഴമരങ്ങൾ. റോഡിന്റെ വലതുവശത്ത് ജില്ലാപഞ്ചായത്ത് ആസ്ഥാനമന്ദിരം. ലോക പ്രശസ്ത വാസ്തു ശിൽപി ലാറിബേക്കറിന്റെ കണക്കിലും മേൽനോട്ടത്തിലും ഉയർന്ന കെട്ടിടം. സമീപത്ത് പടവും വശങ്ങളും കരിങ്കല്ലുകൊണ്ട് കെട്ടിയ കമ്മാൻകുളം. പുളയ്ക്കുന്ന മത്സ്യങ്ങൾ.
കൊടുംവേനലിലും വറ്റാത്ത കുളത്തിന്റെ ഉറവ വഴി ആരംഭിക്കുന്നത് ചരിത്രത്തിൽ നിന്ന്. 116 വർഷം മുൻപു നടന്ന പെരിനാട് കലാപത്തിന്റെ ഉപവഴിയിൽ നിന്ന്. കൊല്ലം നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെ പെരിനാട്ട് 1915ൽ നല്ല വസ്ത്രം ധരിക്കാനും ചെരിപ്പ്, കുട മുതലായവ ഉപയോഗിക്കാനും ഞായറാഴ്ചകളിൽ ജോലി ഒഴിവ് വേണമെന്നും പുലയസമുദായം ആവശ്യപ്പെട്ടതോടെ നായൻമാരുമായി തർക്കം ഉടലെടുത്തു .
ഈ ആവശ്യങ്ങൾ നാട്ടുകൂട്ടം ചർച്ച ചെയ്തു തള്ളിയ തിനെതിരെ പെരിനാട് വലിയ പ്രതിഷേധ സമ്മേളനം ചേരാൻ തീരുമാനിച്ചു. ചെറുമൂട് പ്ലാവിള പുരയിടമാണ് 1915 ഒക്ടോബർ 24ന് നടത്തിയ സമ്മേളനത്തിന് വേദിയായി നിശ്ചയിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെപ്പേർ
സമ്മേളനത്തിനെത്തി. ഇതിനിടെ ജന്മിമാരായ കൂരിമാതു, കണ്ണൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം അക്രമികൾ സ്ഥലത്തെത്തി സമ്മേളനത്തിൽ പങ്കെടുത്തവരെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം സമ്മേളനം അലങ്കോലമാക്കി. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.
ഇതിന് തിരിച്ചടി നൽകാൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഒരു വിഭാഗം തീരുമാനിച്ചു. അവർ കൂരി മാതുവിന്റെയും കണ്ണൻപിള്ളയുടെയും വീട് ആക്രമിച്ചു. വിവരം അറിഞ്ഞ ജന്മിമാർ സംഘടിച്ചെത്തി പുലയക്കുടിലുകൾക്ക് തീ കൊളുത്ത ി. നിരവധി വീടുകൾ വെണ്ണീറായി. പ്രാണരക്ഷാർഥം പലരും നാടുവിട്ടു. വിവരം അറിഞ്ഞ് അയ്യങ്കാളി കൊല്ലത്ത് എത്തി. ജന്മിമാരെയും പുലയരേയും ഒരേ വേദിയിലെത്തിച്ച് അനുരഞ്ജന സമ്മേളനം നടത്താൻ തീരുമാനമായി. ഡിസംബർ 21ന് കൊല്ലം പീരങ്കി മൈതാനത്ത് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ
അധ്യക്ഷതയിൽ യോഗം ചേർന്നു. ഗവൺമെന്റ് ചീഫ് സെക്രട്ടറി വിയാറസായിപ്പും യോഗത്തിനെത്തി.
സ്ത്രീകളടക്കം ആയിരക്കണക്കിന് പുലയർ അയ്യങ്കാളിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. സമ്മേളനാനന്തരം യോഗാധ്യക്ഷൻ ആവശ്യപ്പെട്ടതനുസരിച്ച് ഹരിജൻ സ്ത്രീകൾ തങ്ങൾ അണിഞ്ഞിരുന്ന കല്ലുമാലകൾ പൊട്ടിച്ച് അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിച്ചു. നാലഞ്ചടി ഉയരത്തിൽ അവിടെ ഒരു കല്ലുമാലക്കുന്ന് രൂപപ്പെട്ടു. കല്ലുമാല സമരം എന്ന പേരിൽ അറിയപ്പെടുന്ന ഈ സമ്മേളനാനന്തരം അവിടെ എത്തിയ പുലയ സ്ത്രീകൾ റൗക്ക ധരിച്ച് മടങ്ങി. ഇതോടെ ലഹള അനുരഞ്ജനത്തിൽ കലാശിച്ചു. ലഹളയെക്കുറിച്ച് കുമാരൻ ആശാൻ വിവകോദയത്തിൽ എഴുതിയ മുഖപ്രസംഗത്തിന്റ തലക്കെട്ട് ‘ലഹളേ നീ തന്നെ പരിഷ്കർത്താവ്’
എന്നായിരുന്നു.
പെരിനാട് കലാപം ഈ രീതിയിൽ അവസാനിച്ചെങ്കിലും കേസും കൂട്ടവും തുടർന്നു. സാമ്പത്തികമായി കഴിവില്ലാതിരുന്ന പുലയർ കേസു നടത്താൻ വഴി കാണാതെ കുഴങ്ങി. ഈ സമയത്താണ് ഇലഞ്ഞിക്കൽ ജോൺ വക്കീൽ ഒരു നിർദേശം മുന്നോട്ടു വച്ചത്. പുലയരുടെ കേസ് താൻ വാദിക്കും. പ്രതിഫലമായി കമ്മാൻകുളം വെട്ടി നൽകണം. ഈ നിർദേശം പുലയർക്കും സ്വീകാര്യമായി. അവർ കുളം വെട്ടി, വക്കീൽ കേസും വാദിച്ചു. പന്ത്രണ്ടു നായൻമാരെ ശിക്ഷിച്ച കേസിലെ വിധിയുടെ സ്മാരകമായി വറ്റാത്ത നീരുറവയോടെ കമ്മാൻകുളം.