ജില്ലാ ആശുപത്രിയിൽ സിടി സ്കാൻ നിശ്ചലം; പുറത്ത് നിരക്ക് മൂന്നിരട്ടി
Mail This Article
കൊല്ലം ∙ ജില്ലാ ആശുപത്രിയിലെ സിടി സ്കാൻ പ്രവർത്തനരഹിതമായി മാസങ്ങൾ പിന്നിട്ടതോടെ കടുത്ത ദുരിതത്തിൽ രോഗികൾ. കുറഞ്ഞ തുകയ്ക്ക് ലഭ്യമായിരുന്ന സിടി സ്കാൻ സൗകര്യം നിലച്ചതോടെ മാസങ്ങളായി സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർ. സ്കാനിങ് മെഷീൻ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പ്രവർത്തനം വീണ്ടും തുടങ്ങുന്നതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
പുറത്ത് നിരക്ക് മൂന്നിരട്ടി
സ്വകാര്യ സ്കാനിങ് സെന്ററുകളിലേക്കാണ് ഇപ്പോൾ ജില്ലാ ആശുപത്രിയിൽ വരുന്ന രോഗികളെ അയക്കുന്നത്. നൽകേണ്ടത് മൂന്നിരട്ടി തുക. അപകടത്തിൽപെട്ട് വരുന്നവരെയടക്കം സിടി സ്കാൻ ഇല്ലാത്തതു കൊണ്ട് പലപ്പോഴും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ജില്ലാ പഞ്ചായത്താണ് ആശുപത്രിയിൽ സിടി സ്കാൻ സ്ഥാപിച്ചത്. തകരാർ കണ്ടെത്തിയ ശേഷം പുതിയ യന്ത്രത്തിന് ഓർഡർ നൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ വൈകി. ഇതിനിടെ സിടി സ്കാൻ ഫീസ് പിരിവിൽ പതിനായിരങ്ങളുടെ വെട്ടിപ്പുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. സ്വകാര്യ സ്കാനിങ് സെന്ററുകളുടെ ഇടപെടലാണ് കാരണമെന്നാണ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ആരോപണം.
ആധുനിക സിടി സ്കാൻ ഉടൻ
പുതിയ സിടി സ്കാൻ എത്രയും വേഗം പ്രവർത്തിച്ചു തുടങ്ങുമെന്നാണ് ആശുപത്രിയുടെ വിശദീകരണം. കൂടുതൽ കാര്യക്ഷമമായ 128 സ്ലൈസ് സിടി സ്കാൻ യന്ത്രമാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ഇത് വയ്ക്കാനാവശ്യമായ രീതിയിൽ കെട്ടിട സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കേണ്ടതുണ്ടായിരുന്നു. അത് പൂർത്തിയായി. ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ് ഇനി ബാക്കി. അതിനു ശേഷം വൈകാതെ തന്നെ സിടി സ്കാൻ സൗകര്യം ഒരുങ്ങുമെന്ന് അധികൃതർ പറയുന്നു.