രാജീവിന്റെ മരണം: ചടയമംഗലത്ത് പ്രതിഷേധം ശക്തം

Mail This Article
ചടയമംഗലം ∙ ഫർണിച്ചർ ഷോപ്പിൽ എത്തി ലിഫ്റ്റിന്റെ വിടവിൽ വീണ് കടന്നൂർ രാജീവ് മന്ദിരത്തിൽ രാജീവ് (46) മരിച്ച സംഭവത്തിൽ പ്രതിഷേധം. സംഭവം നടന്ന മ്യൂബൽ ഫർണിച്ചർ ഷോപ്പിലേക്ക് നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ മാർച്ച് നടത്തി. സ്ഥാപനം നടത്തുന്നവരുടെ അനാസ്ഥയാണ് രാജീവിന്റെ മരണത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. രാജീവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ടാപ്പിങ് തൊഴിലാളിയായിരുന്നു രാജീവ്.
മരണത്തോടെ കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്. ഭാര്യയും മകളുമായാണ് രാജീവ് ഫർണിച്ചർ വാങ്ങാൻ ഷോപ്പിൽ എത്തിയത്. വലിയ കെട്ടിടങ്ങളിൽ പാർക്കിങ് സൗകര്യം. ലിഫ്റ്റ് എന്നിവ നിർബന്ധമാണ്. കെട്ടിടത്തിലെ സുരക്ഷാ സംവിധാനം പരിശോധിക്കാതെ ഫർണിച്ചർ കട പ്രവർത്തിക്കാൻ അനുവാദം നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെയും പ്രതിഷേധം ഉയർന്നു. എഐവൈഎഫ് പ്രവർത്തകർ ഫർണിച്ചർ കടയിലേക്ക് മാർച്ച് നടത്തി. പൊലീസിൽ പരാതിയും നൽകി.
സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാജീവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കണം. നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനമാകാതെ ഫർണിച്ചർ സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കളായ വി.ഒ.സാജൻ, എ.ആർ റിയാസ്, കെ.രാധാകൃഷ്ണപിള്ള, ബിജുകുമാർ, പുളിമൂട്ടിൽ രാജൻ എന്നിവർ അറിയിച്ചു.