ADVERTISEMENT

പത്തനാപുരം∙ സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയ കെ.ബി.ഗണേഷ്കുമാർ എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി എംഎൽഎയുടെ വീട്ടിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മാർച്ചിനിടെ കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ മോശമായി പെരുമാറിയെന്നാരോപിച്ചു പ്രവർത്തകർ രംഗത്തു വന്നതോടെ രംഗം വഷളായി. 

പത്തനാപുരം നെടുമ്പറമ്പിൽ നിന്നു തുടങ്ങിയ പ്രകടനം പഞ്ചായത്ത് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. നേതാക്കൾ പ്രസംഗിക്കുന്നതിനിടെയും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമമുണ്ടായി.

ഇതിനിടെ കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കൊടി കെട്ടിയ പൈപ്പും വടികളുമായി പ്രവർത്തകരും പൊലീസിനു നേരെ തിരിഞ്ഞു. സംഘർഷം കനത്തതോടെ നേതാക്കൾ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ബാരിക്കേഡിന് അപ്പുറത്തുണ്ടായിരുന്ന ഡിവൈഎസ്പി ഇപ്പുറത്തെത്തി പ്രവർത്തകരുമായി തർക്കമുണ്ടായതോടെ സ്ഥിതി രൂക്ഷമായി.

പരസ്പരം അസഭ്യം വിളികളും അരങ്ങേറി. പ്രവർത്തകരോടു മോശം പരാമർശം നടത്തിയെന്ന് നേതാക്കളും ആരോപിച്ചതോടെ രംഗം വഷളായി. മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ജില്ലാ ചെയർമാൻ കെ.സി. രാജൻ തുടങ്ങിയവർ ശാന്തരാകാൻ പ്രവർത്തകരോട് അഭ്യർഥിച്ചു.

എം.എം.ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ബിന്ദു കൃഷ്ണ, എം.എം.നസീർ, എ. ഷാനവാസ് ഖാൻ, വാക്കനാട് രാധാകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, സി.ആർ.നജീബ്, വേണുഗോപാൽ, സുധാകരൻ പള്ളത്ത്, സുൽഫിക്കൽ സലാം, സൈമൺ അലക്സ്, പ്രകാശ് മൈനാഗപ്പള്ളി, സുധീർ മലയിൽ, ടി.എം.ബിജു, എം.അബ്ദുൽ റഹുമാൻ, ജി.രാധാമോഹൻ, കെ.അനിൽ, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് സേവാദൾ ഓർഗനൈസർ എം.എ.സലാം, അലക്സ് മാത്യു, ബാബു മാത്യു, എം.ഷേക്പരീത്, എം.സാജൂഖാൻ, ബ്രിജേഷ് ഏബ്രഹാം, എസ്.ഇ.സഞ്ജയ്ഖാൻ, സി.കെ.രാധാകൃഷ്ണൻ, അൻസാർ അസീസ്, ജെ.എൽ.നസീർ, കുളത്തൂപ്പുഴ സലീം, ലതാ.സി.നായർ, എസ്.ഷക്കീം, എം.ജെ.യദുകൃഷ്ണൻ, ബേബി പടിഞ്ഞാറ്റിൻകര, താന്നിവിള ഷിബു, അദബിയ നാസറുദ്ദീൻ, എം.പി.സജീവ്, എ.ആസാദ് എന്നിവർ നേതൃത്വം നൽകി.

ഗണേഷിനെ മന്ത്രിയാക്കിയാൽ ദുർഗന്ധം വമിക്കും: ഹസൻ

HASSAN
കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു.

സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ നടപടി വേണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ എംഎൽഎ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളർ ക്രിമിനൽ ഗൂഢാലോചനയിൽ വേണമെങ്കിൽ സിബിഐ അന്വേഷണമാകാം.

ഞങ്ങൾ എഴുതി നൽകണമെന്നത് നടപ്പില്ല. പക്ഷേ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയതായി പറയുന്ന ഗണേഷ്കുമാറിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഇല്ലെങ്കിൽ നിയമപരമായി നേരിടും. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷിനെ മന്ത്രിയാക്കുമെന്നാണ് വിവരം. ഗണേഷിനെ പോലൊരാളെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ മുഖം വികൃതമാകുക മാത്രമല്ല, ദുർഗന്ധം വമിക്കുമെന്നും ഹസൻ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com