വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും..! തുരുതുരാ വീണ് മഞ്ഞുകട്ടകൾ; പാത്രങ്ങളിൽ ശേഖരിച്ച് ആളുകൾ

Mail This Article
പുത്തൂർ ∙ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും..! ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പെയ്ത ശക്തമായ വേനൽമഴയ്ക്ക് ഒപ്പമാണു പുത്തൂർ ടൗണിലും സമീപ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തത്. അപ്രതീക്ഷിതമായി മഴയിൽപെട്ടു പോയവർക്കു ചരൽക്കല്ലു കൊണ്ടുള്ള ഏറു കിട്ടിയ അനുഭവമായിരുന്നു. 15 മിനിറ്റിലേറെ സമയം ആലിപ്പഴം പൊഴിച്ചിലുണ്ടായി.
മേൽക്കൂരയിൽ ചരൽ വാരിയെറിയുന്നതു പോലെയുള്ള ശബ്ദം കേട്ടു പുറത്തേക്കു നോക്കിയവരാണ് മഞ്ഞുകട്ടകൾ തുരുതുരാ വീഴുന്നത് കണ്ടത്. ചിലർ കൗതുകം കൊണ്ടു പാത്രങ്ങളിൽ ശേഖരിച്ചു. മറ്റു ചിലർ കയ്യിലെടുത്തു ഫോട്ടോ പകർത്തി. വലിയ നെല്ലിക്ക വലുപ്പത്തിലുള്ള മഞ്ഞുകട്ടകളാണ് പതിച്ചത്. പുത്തൂർ, പാങ്ങോട്, എസ്എൻപുരം, കാരിക്കൽ, മൈലംകുളം, തെക്കുംപുറം ഭാഗങ്ങളിലാണു കൂടുതലായും ആലിപ്പഴം വീണത്.