ADVERTISEMENT

ഉഴവൂർ ∙നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിന്റെ തിളക്കം ഉള്ള ആചാരത്തനിമയ്ക്കു ഒരിക്കൽ കൂടി ഒരുങ്ങുകയാണ് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി. ക്രിസ്മസ് കാലത്തു തിരുനാൾ ആഘോഷം നടക്കുന്ന പള്ളിയിൽ 26ന് രാവിലെ 9.30ന് അ‍ഞ്ചേകാലും കോപ്പും നൽകൽ എന്ന ചടങ്ങ് നടക്കും.

4 നൂറ്റാണ്ട് മുൻപ് പള്ളി നിർമാണത്തിനു സ്ഥലം നൽകിയ ചിറ്റേടത്ത് കൈമളിന്റെ കുടുംബത്തിനെ ആദരിക്കുന്ന അപൂർവ ചടങ്ങ്. മതസൗഹാർദത്തിന്റെ പ്രതീകമായ ഈ ചടങ്ങ് നൂറ്റാണ്ടുകളായി മുടക്കം ഇല്ലാതെ നടത്തുന്നു. ചിറ്റേടത്തു കുടുംബത്തിന്റെ പ്രതിനിധി പള്ളിയിൽ നേരിട്ടു എത്തി ഏറ്റുവാങ്ങും.

അഞ്ചേകാലും കോപ്പും ഒരു പഴയകാല കണക്ക് ആണ്. അഞ്ചേകാൽ ഇടങ്ങഴി അരി ചങ്ങഴിയിൽ അളന്നു നൽകും. ഇതിനൊപ്പം പലവ്യഞ്ജനങ്ങളും പച്ചക്കറികളും കൂടി നൽകുന്നു. ആദ്യകാലങ്ങളിൽ നെല്ല് അളന്നു നൽകിയിരുന്നതായും കാരണവന്മാർ പറയുന്നു. ഈ കൈമാറ്റത്തിനു ശേഷമാണ് പ്രധാന തിരുനാൾ ദിനത്തിലെ റാസ ഉൾപ്പെടെ ചടങ്ങുകൾ ആരംഭിക്കുന്നത്.

കോട്ടയം അതിരൂപതയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി. കുമ്മനത്ത് ഇട്ടൂപ്പ് കത്തനാർ 1631ൽ ആണ് പള്ളി സ്ഥാപിച്ചത്.കടുത്തുരുത്തി വലിയ പള്ളി വികാരി ആയിരുന്നു അദ്ദേഹം.അക്കാലത്തു പുന്നത്തുറ പള്ളിയുടെ ചുമതലയും ഉണ്ടായിരുന്നു. ഉഴവൂർ വഴിയാണ് ഇട്ടൂപ്പ് കത്തനാർ പുന്നത്തുറയിൽ പോയിരുന്നത്. കാട് നിറഞ്ഞ ഉഴവൂർ മേഖല.

ഇട്ടൂപ്പ് കത്തനാർക്കു ഉണ്ടായ ദിവ്യ ദർശനമാണ് പള്ളിയുടെ സ്ഥാപനത്തിലേക്കു നയിച്ചത്.ഉഴവൂരിൽ വിശുദ്ധ എസ്തപ്പാനോസിന്റെ പേരിൽ പള്ളി നിർമിക്കണമെന്നും നിർമാണം നടത്താനുള്ള സ്ഥലത്തു ഒരു പശു പ്രസവിച്ചു കിടാവിനെ നക്കി കിടപ്പുണ്ടെന്നും സ്വപ്ന ദർശനം ഉണ്ടായി. സ്ഥലം അന്വേഷിച്ചു യാത്ര തുടങ്ങി.

ഇപ്പോൾ പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു എത്തിയപ്പോൾ പശുവിനെയും കിടാവിനെയും കണ്ടു. അക്കാലത്ത് വടക്കുംകൂർ രാജ്യത്തിലെ ഇടപ്രഭു ആയ ചിറ്റേടത്തു കൈമളുടെ അധീനതയിലായിരുന്നു ഈ സ്ഥലം. ഇട്ടൂപ്പ് കത്തനാരും നാട്ടുകാരും കൈമളെ നേരിട്ടു കണ്ടു പള്ളി നിർമാണത്തിനു സ്ഥലം നൽകണമെന്നു അഭ്യർഥിച്ചു.

ആവശ്യമായ സ്ഥലം അദ്ദേഹം വിട്ടുകൊടുത്തു. താൽക്കാലികമായി ഒരു ദേവാലയം അവിടെ കെട്ടി ഉയർത്തി. പള്ളി നിർമാണത്തിനു സ്ഥലം നൽകിയ ചിറ്റേടത്തു കുടുംബത്തിനെ നൂറ്റാണ്ടുകൾക്കു ശേഷവും മുടക്കം വരുത്താതെ ആദരിക്കുന്ന ചടങ്ങ് ആണ് അഞ്ചേകാലും കോപ്പും നൽകൽ.

താൽക്കാലിക ദേവാലയം നിർമാണത്തിനു ശേഷം 2 തവണ പള്ളി പുതുക്കി നിർമിച്ചു. ഇപ്പോഴത്തെ ദേവാലയം 1987ൽ ആണ് നിർമിച്ചത്.വിശുദ്ധ എസ്താപ്പാനോസ് സഹദായുടെ പേരിൽ സ്ഥാപിക്കപ്പെട്ട ഏഷ്യയിലെ ആദ്യ ക്നാനായ കത്തോലിക്കാ ദേവാലയം ആണിത്. ക്രിസ്മസ് ആഘോഷത്തിനൊപ്പം തിരുനാൾ കൂടി ആഘോഷിക്കുന്ന പള്ളി. എല്ലാ വർഷവും ഡിസംബർ 25, 26 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷം. 

തിരുനാൾ നോട്ടിസ് ഇവിടെ പതിവില്ല. കാരണം നാട്ടുകാർക്കും പ്രവാസികൾക്കും 25,26 തീയതികളിൽ തിരുനാൾ ആണെന്നു അറിയാം. സ്റ്റീഫൻ നാമധാരികളുടെ നാട് കൂടിയാണ് ഉഴവൂർ. വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പേര് സ്വീകരിച്ച ഒരാൾ എങ്കിലും ഇടവകയിലെ ഓരോ കുടുംബത്തിലും ഉണ്ടാകും.

തിരുനാളിൽ പങ്കെടുക്കുന്നതിനു ഏറ്റവും കൂടുതൽ പ്രവാസികൾ എത്തുന്ന പള്ളി എന്ന വിശേഷണവും ഉണ്ട്. തിരുനാൾ ആരംഭിച്ചാൽ യുഎസ്, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉഴവൂർ സ്വദേശികളിൽ പലരും നാട്ടിലേക്കു എത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com