കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറപ്പി വിജയം; കുടുതൽ പേരിൽ ഇതു ലഭ്യമാക്കും

Mail This Article
കോട്ടയം ∙ ഗുരുതര നിലയിലുള്ള കോവിഡ് രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്മ തെറപ്പി ചികിത്സ വിജയം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 65 വയസ്സും 50 വയസ്സും ഉള്ള സ്ത്രീക്കും പുരുഷനുമാണ് തെറപ്പി നടത്തിയത്. ഇവരുടെ നില മെച്ചപ്പെട്ടതായി പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. ആർ സജിത്ത് കുമാർ അറിയിച്ചു.
ആദ്യമായാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കു പ്ലാസ്മ തെറപ്പി. കുടുതൽ പേരിൽ ഇതു ലഭ്യമാക്കാനാണ് ആലോചന. കോവിഡ് രോഗം ഭേദമാകുമ്പോൾ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടും. ഇതുമൂലം ഒരിക്കൽ രോഗം വന്ന രോഗികൾക്കു രോഗ പ്രതിരോധ ശേഷി ലഭിക്കും. ചിക്കൻ പോക്സ് വന്നവർക്കു പ്രതിരോധ ശേഷി ലഭിക്കുന്ന പോലെയാണിത്.
ഇത്തരത്തിൽ രോഗം വന്നു മാറിയവരുടെ രക്തത്തിലെ പ്ലാസ്മയിലാണ് രോഗ പ്രതിരോധ ശേഷി ഉണ്ടാകുന്നത്. ഇത്തരം രോഗികളെക്കൊണ്ട്, രോഗം മാറി നിശ്ചിത സമയത്തിനുള്ളിൽ രക്തദാനം നടത്തിക്കും. ഈ രക്തത്തിൽ നിന്നു പ്ലാസ്മ വേർതിരിച്ച് അതേ രക്തഗ്രൂപ്പിൽപെട്ട, ഗുരുതര നിലയിലുളള കോവിഡ് രോഗിക്കു നൽകും. രോഗപ്രതിരോധ ശേഷിയുള്ള പ്ലാസ്മ ശരീരത്തിൽ ലഭിക്കുന്നതോടെ രോഗിയുടെ നില മെച്ചപ്പെടും. ഗുരുതര നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവർക്കാണ് ഈ ചികിത്സ. 2 തവണ നെഗറ്റീവ് ഫലം ലഭിച്ചവർ അതിനുള്ളിൽ രക്തദാനം നടത്തിയാലേ പ്ലാസ്മ തെറപ്പിക്ക് ഉപയോഗിക്കാനാവൂ.