വിതുര പീഡനക്കേസ്: ഒന്നാംപ്രതി കുറ്റക്കാരൻ, 18 വർഷം ഒളിവിൽ, പേരു പോലും ഒളിപ്പിച്ചു; ശിക്ഷാവിധി ഇന്ന്

Mail This Article
കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) കുറ്റക്കാരനെന്നു പ്രത്യേക കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കും. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ 10 ദിവസത്തിലധികം തടങ്കലിൽ വച്ചു, മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.
പെൺകുട്ടിയെ തടങ്കലിൽ വച്ചത് 3 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു കൈമാറുന്നത് 10 വർഷം വരെയും പീഡനകേന്ദ്രം നടത്തുന്നത് 3 വർഷം വരെയും തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്. അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തിൽ വാഹനാപകടത്തിൽ മരിച്ചു.
ജൂലൈ 16നു പെൺകുട്ടിയെ കേസിൽ ഉൾപ്പെട്ട സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇവർ 23 നു ജാമ്യത്തിലിറങ്ങിയ ശേഷം സെൻട്രൽ പൊലീസിനു നൽകിയ മൊഴിയാണ് 9 മാസം നീണ്ട പീഡനങ്ങൾ പുറത്തു കൊണ്ടുവന്നത്. ആകെ 24 കേസുകളാണ് ഉണ്ടായിരുന്നത്. 2 ഘട്ടങ്ങളിലായി നടന്ന വിചാരണയിൽ 36 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ അന്വേഷണഘട്ടത്തിലും വിചാരണഘട്ടങ്ങളിലും അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിഞ്ഞില്ല.
വിചാരണ നടത്തിയ കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചതോടെയാണ് ഒന്നാം പ്രതിയായ സുരേഷ് 18 വർഷത്തിനു ശേഷം കോടതിയിൽ കീഴടങ്ങിയത്. സുരേഷിനെ പെൺകുട്ടി തിരിച്ചറിയുകയും പ്രതിക്കെതിരെ മൊഴി നൽകുകയും ചെയ്തു. ഇതോടെയാണു സുരേഷ് മൂന്നാം ഘട്ടത്തിൽ വിചാരണ നേരിട്ടത്. 24 കേസുകളിലും സുരേഷാണ് ഒന്നാം പ്രതി.പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണു വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി രാജഗോപാൽ പടിപ്പുര ഹാജരായി.