ADVERTISEMENT

കോട്ടയം ∙ പീഡാനുഭവ വാരത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപായി ക്രൈസ്തവ സമൂഹം ഇന്നു നാൽപതാം വെള്ളി ആചരിക്കും. അറുനൂറ്റിമംഗലം, വാഗമൺ കുരിശുമല, അരുവിത്തുറ വല്യച്ചൻ മല, വടക്കുംമുറി സാൻജോ മൗണ്ട് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പ് പൂർത്തിയായി.  

∙ വാഗമൺ കുരിശുമലയിൽ വലിയനോമ്പിന്റെ തുടക്കം മുതൽ വിശ്വാസികൾ കൂടുതലായി എത്തുന്നുണ്ട്. നാൽപതാം വെള്ളി ദിനമായ ഇന്നു രാവിലെ 8.30ന് കല്ലില്ലാക്കവലയിൽ നിന്നു കുരിശിന്റെ വഴി ആരംഭിക്കും. 10നു മലമുകളിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിച്ചു സന്ദേശം നൽകും. വെള്ളികുളം പള്ളി വികാരി ഫാ. മൈക്കിൾ വടക്കേക്കര, അടിവാരം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ എന്നിവർ സഹകാർമികരാകും. 

∙ അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ  ഇന്നു രാവിലെ 5.30നും 6.30നും 7.30നും 9നും 10.30നും വൈകിട്ട് 4നും കുർബാന. രാവിലെ 9.30നും വൈകിട്ട് 5നും മലയടിവാരത്തേക്കു ജപമാല പ്രദക്ഷിണം. തുടർന്ന് ഇവിടെ നിന്ന് വല്യച്ചൻ മല മുകളിലേക്കു കുരിശിന്റെ വഴി. വൈകിട്ട് 6.30നു മലമുകളിൽ കുർബാന. വികാരി ജനറൽ മോൺ. ജോസഫ് തടത്തിൽ സന്ദേശം നൽകും. രാവിലെ 7 മുതൽ നേർച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.‌ 

∙ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളിയിൽ നാൽപതാം വെള്ളി ആചരണവും കുരിശു മലകയറ്റവും ഇന്നു നടക്കും. പുലർച്ചെ 5 മുതൽ പള്ളിയിലും മലമുകളിലെ കപ്പേളയിലും കുർബാനയും പ്രാർഥനയും നടക്കും. വൈകിട്ട് 5.45നു മലമുകളിലെ കപ്പേളയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ സുറിയാനി പാട്ടുകുർബാന. വിവിധ പള്ളികളിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ മുതൽ കുരിശിന്റെ വഴി, വൈകിട്ട് 5നു മുൾമുടി പ്രദക്ഷിണം. രാത്രി 11നു മലമുകളിലെ കപ്പേളയിൽ നിന്നു തിരുശേഷിപ്പ് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക് എത്തും. വിവിധ സ്ഥലങ്ങളിൽ നിന്ന് അറുനൂറ്റിമംഗലത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. വാഹന പാർക്കിങ് സൗകര്യവും തീർഥാടകർക്കായി കഞ്ഞി നേർച്ചയും ഏർപ്പെടുത്തിയിട്ടുണ്ടെന്നു വികാരി ഫാ.അഗസ്റ്റിൻ വരിക്കമാക്കിൽ അറിയിച്ചു.

∙ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഇന്നു കൂവപ്പള്ളി കുരിശുമല കയറ്റം നടത്തും. രാവിലെ 10.30ന്  ആരംഭിക്കും. 12ന് മലമുകളിൽ എത്തും. പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ സന്ദേശം നൽകും. തുടർന്നു സ്ലീവാ വന്ദനം, ആശീർവാദം, നേർച്ചവിതരണം. ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ നേതൃത്വം നൽകും.

∙ കോട്ടയം അതിരൂപത കുരിശുമലകയറ്റ തീർഥാടന കേന്ദ്രമായ തൊടുപുഴ വടക്കുംമുറി സാൻജോ മൗണ്ടിൽ ഇന്നു വൈകിട്ട് 4.30നു പൊന്തിഫിക്കൽ കുർബാന. വചന സന്ദേശം – ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, 6നു കുരിശുമല കയറ്റം, 7.15നു നേർച്ചക്കഞ്ഞി വിതരണം. 

∙ ചങ്ങനാശേരി അതിരൂപതയിൽ  പരേതരായ വൈദികരെ അനുസ്മരിച്ച് ഇന്നു  പ്രത്യേക ശുശ്രൂഷകൾ നടക്കും.  രാവിലെ 9ന് മെത്രാപ്പൊലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടത്തും. സഹായ മെത്രാൻ മാർ തോമസ് തറയിൽ  പങ്കെടുക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com