ADVERTISEMENT

കോട്ടയം∙ ‘ഇവിടെ പരസ്യം പതിപ്പിക്കുന്നതും ബാനറുകൾ സ്ഥാപിക്കുന്നതും ശിക്ഷാർഹം’ എന്ന മുന്നറിയിപ്പു ബോർഡിനു താഴെത്തന്നെ നീളത്തിൽ വലിച്ചുകെട്ടിയ ബാനറുകൾ. മറ്റെവിടെയുമല്ല, ജില്ലാ ഭരണ സിരാകേന്ദ്രത്തിലെ കാഴ്ചയാണിത്. പൊതുസ്ഥാപനങ്ങളിൽ രാഷ്ട്രീയ നിറമുള്ള പോസ്റ്ററുകൾ പതിപ്പിക്കുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണു രംഗത്തുവന്നത്. എംജി സർവകലാശാലയിലെ പോസ്റ്ററുകൾ ചൂണ്ടിക്കാട്ടി ഇതിനായി ഇവർ  ഫീസ് അടയ്ക്കുന്നുണ്ടോയെന്നായിരുന്നു ഗവർണറുടെ ചോദ്യം.

  പരസ്യം പതിക്കുന്നതും ബാനറുകൾ സ്ഥാപിക്കുന്നതും ശിക്ഷാർഹമാണെന്ന കലക്ടറുടെ മുന്നറിയിപ്പ് ബോർഡിന് സമീപം ബാനർ സ്ഥാപിച്ച നിലയിൽ. കലക്ടറേറ്റിൽ നിന്നുള്ള കാഴ്ച.
പരസ്യം പതിക്കുന്നതും ബാനറുകൾ സ്ഥാപിക്കുന്നതും ശിക്ഷാർഹമാണെന്ന കലക്ടറുടെ മുന്നറിയിപ്പ് ബോർഡിന് സമീപം ബാനർ സ്ഥാപിച്ച നിലയിൽ. കലക്ടറേറ്റിൽ നിന്നുള്ള കാഴ്ച.

ജില്ലയിലെ പല സർക്കാർ ഓഫിസുകളും പോസ്റ്ററുകൾ കാരണം വീർപ്പുമുട്ടുകയാണ്.  മാസങ്ങൾക്കു മുൻപ് നടന്ന പരിപാടികളുടെ വരെ പോസ്റ്ററുകളും ബാനറുകളുമാണ് കലക്ടറേറ്റിൽ അനാഥമായി തൂങ്ങിക്കിടക്കുന്നത്. 

ചെടികളിൽ അലങ്കരിച്ച പാമ്പാടി സബ് ട്രഷറിക്കു മുൻവശം.
ചെടികളിൽ അലങ്കരിച്ച പാമ്പാടി സബ് ട്രഷറിക്കു മുൻവശം.

കുറവിലങ്ങാട്ട് ഓഫിസുകളിൽപോസ്റ്റർ ചാകര

എവിടെയും പോസ്റ്റർ ഒട്ടിക്കാം. ബാനർ സ്ഥാപിക്കാം. ആരും ചോദിക്കില്ല. പക്ഷേ പോസ്റ്ററും ബാനറും സർവീസ് സംഘടനകളുടെ മാത്രമാകണം. ഒപ്പം സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന പോസ്റ്ററുകളും ആകാം. കുറവിലങ്ങാട് മേഖലയിൽ മിനി സിവിൽ സ്റ്റേഷൻ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ പോസ്റ്റർ പ്രളയമാണ്. കോഴാ മിനി സിവിൽ സ്റ്റേഷനിലേക്കുള്ള കവാടത്തിൽ സ്വാഗതം ചെയ്യുന്നത് സംഘടനകളുടെ പോസ്റ്ററുകളാണ്.

അകത്തു കയറിയാൽ ഭിത്തിയിൽ പല സ്ഥലത്തും പോസ്റ്റർ. വിദ്യാഭ്യാസം, പൊതു മരാമത്ത്, എക്സൈസ്, റവന്യു വകുപ്പുകളുടെ ഓഫിസുകളിലാണ് പോസ്റ്റർ ബഹളം. കോഴാ മേഖലയിൽ കൃഷി വകുപ്പിന്റെ ഓഫിസുകളിൽ ഒരിടത്തും കാര്യമായ പ്രശ്നമില്ല. സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിന്റെ ചുറ്റുമതിലിൽ പരസ്യം പതിക്കുന്നത് വിലക്കിയിട്ടുണ്ട്. പക്ഷേ വിലക്കു ലംഘിച്ചും രാഷ്ട്രീയ പാർട്ടികളുടെ ചുമരെഴുത്തും ബാനറുകളമുണ്ട്. 

ശ്വാസംമുട്ടി സർക്കാർ ഓഫിസുകൾ 

ചങ്ങനാശേരി താലൂക്ക് ഓഫിസ് ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന റവന്യു ടവറിൽ എല്ലാ നിലകളിലും ജീവനക്കാരുടെ സംഘടനകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡ്, ചങ്ങനാശേരി നഗരസഭാ കാര്യാലയം, ബോട്ട്ജെട്ടി, ചങ്ങനാശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഇത്തരം കാഴ്ചയുണ്ട്. റവന്യു ടവറിന് എതിർവശത്തുള്ള ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിൽ മിക്ക സമയങ്ങളിലും സർക്കാർ സംഘടനകളുടെ ചുമരെഴുത്തുകൾ പതിവാണ്. 

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ മൂന്നു വശങ്ങളിലും സംഘടനകളുടെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുകയാണ്. സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നടുത്തളത്തിലും ഭിത്തികളിലും തൂണുകളിലും ഷട്ടറുകളിലും വരാന്തകളിലും പോസ്റ്ററുകൾ പതിച്ചതു കൂടാതെ തൂണുകളിൽ ബോർഡുകൾ വച്ചുകെട്ടിയിരിക്കുകയാണ്.  ഉള്ളിൽ നടുത്തളത്തിലെ ഒഴിഞ്ഞ കോണിൽ പഴയ ബോർഡുകൾ കുന്നുകൂടി കിടക്കുകയാണ്. ഇവിടെ എലി ശല്യം വർധിച്ചു. 

കടുത്തുരുത്തി സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ പ്രവേശന ഭാഗത്ത് ഭിത്തിയിൽ നിറയെ പോസ്റ്ററുകളാണ്. ജീവനക്കാരുടെ സംഘടനകളുടെ ധർണകളുടെയും സമ്മേളനങ്ങളുടെയും ജാഥകളുടെയും ഒക്കെ പോസ്റ്ററുകളാണ് ഇത്. രണ്ട് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണ് ജീവനക്കാർ തന്നെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് വൃത്തികേടാക്കിയത്. 

ആർഡിഒ വടിയെടുത്തു;പാലാ ക്ലീനായി

പാലായിലെ സർക്കാർ ഓഫിസുകളിലേറെയും പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനു മുൻപിൽ പോസ്റ്ററുകളില്ല.        നാളുകൾക്ക് മുൻപ് ഇവിടെയെല്ലാം പോസ്റ്റർ പ്രളയമായിരുന്നെങ്കിലും ആർഡിഒയുടെ കർശന തീരുമാനത്തെത്തുടർന്ന് പോസ്റ്ററുകൾ സിവിൽ സ്റ്റേഷൻ ഭിത്തിയിൽ നിന്ന് അപ്രത്യക്ഷമായി.    ഓണാഘോഷം, വാർഷിക സമ്മേളനം എന്നിവയുടെ അറിയിപ്പു സംബന്ധിച്ച ഏതാനും ഫ്ലെക്സ് ബോർഡുകൾ മാത്രമാണ് സിവിൽ സ്റ്റേഷനു സമീപം ഉള്ളത്.

മാതൃകയായി പാമ്പാടി സബ് ട്രഷറി

ഓഫിസുകളുടെ മുൻവശത്ത് പോസ്റ്ററുകളിൽ നിറയുമ്പോൾ വേറിട്ട പാതയിലാണ് പാമ്പാടി സബ് ട്രഷറി. 2 വർഷമായി ട്രഷറിയുടെ മുൻ വശത്തും അകത്തളങ്ങളിലും  ചെടികൾ വസന്തം ഒരുക്കുന്നു. ഓഫിസിനു മു‍ൻവശത്തു സംഘടനകളുടെ പോസ്റ്റർ ഒട്ടിക്കാൻ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഹാങ്ങിങ് ചെടികളും, സ്റ്റാൻഡ് സ്ഥാപിച്ചുള്ള ചെടികളുമാണ് ട്രഷറിയുടെ മുൻവശത്തെ ആകർഷകമാക്കുന്നത്. വെർട്ടിക്കൽ ചെടികളും ഇൻഡോർ പ്ലാന്റുകളും അകത്തും മനോഹാരിത ചാർത്തുന്നു. ജീവനക്കാരുടെ കൂട്ടായ്മയിലാണ് ദിനവും ചെടികളുടെ പരിപാലനം.

കലക്ടറേറ്റിൽ ചുമരുകളിൽ പരസ്യം പതിപ്പിക്കരുതെന്ന് കർശന നിർദേശം നൽകി. ഭിത്തികളിൽ പതിപ്പിക്കുന്നത് പിന്നീട് ഇളക്കിമാറ്റുമ്പോൾ അഭംഗിയാവും. ബോർഡുകൾ സ്ഥാപിച്ച് അതിലാണ് സർക്കാർ പരസ്യം പതിപ്പിക്കുന്നത്.   തൊഴിലാളി സംഘടനകളുടെയും സർക്കാർ പരിപാടികളുടെയും പോസ്റ്ററുകളും ബാനറുകളുമാണ് കലക്ടറേറ്റിൽ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com