ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ല; പോസ്റ്റർ കലഹത്തിന് ശമനമില്ല

Mail This Article
കോട്ടയം∙ കോൺഗ്രസിൽ പോസ്റ്റർ വിവാദം ഒഴിയുന്നില്ല. ശശി തരൂർ എംപിയുടെ ജില്ലാ പര്യടനത്തോടെ ആരംഭിച്ച വിവാദം ഇന്ന് ഡിസിസി നടത്തുന്ന ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിന്റെ പേരിലും ചൂടുപിടിക്കുകയാണ്. ഡിസിസി ഇറക്കിയ പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ലാത്തതാണ് വിവാദത്തിന് കാരണം. ഉമ്മൻ ചാണ്ടി പക്ഷത്തുള്ളവർ ഡിസിസി ഭാരവാഹികളെ പ്രതിഷേധം അറിയിച്ചു. ചികിത്സയെത്തുടർന്ന് ബെംഗളൂരുവിൽ താമസിക്കുന്ന ഉമ്മൻ ചാണ്ടി ഇന്നത്തെ സമരത്തിൽ പങ്കെടുക്കാത്തതിനാൽ ചിത്രം ഒഴിവാക്കിയെന്നാണ് ഡിസിസി നേതൃത്വം നൽകിയ മറുപടി.
യൂത്ത് കോൺഗ്രസ് ഈരാറ്റുപേട്ടയിൽ ശശിതരൂരിനെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളത്തിനായി ഇറക്കിയ പോസ്റ്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും മറ്റും ചിത്രം ഇല്ലാതിരുന്നതിനെ തുടർന്നായിരുന്നു ആദ്യ വിവാദം. പിന്നീട് പോസ്റ്ററിൽ ഇവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തി. ഇതേ ത്തുടർന്നുണ്ടായ അതൃപ്തിയാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലുമെന്ന് ഉമ്മൻ ചാണ്ടി പക്ഷം കരുതുന്നു. ഇന്നത്തെ സമരത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും പങ്കെടുക്കുന്നില്ലെന്നും പോസ്റ്ററിൽ അദ്ദേഹത്തിന്റെ ചിത്രം നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
രമേശ് ചെന്നിത്തല, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി, നാട്ടകം സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എ.സലിം, ജോസി സെബാസ്റ്റ്യൻ എന്നിവർക്ക് പുറമേ രണ്ടു ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. അതേസമയം ചെന്നൈയിലായതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതേക്കുറിച്ച് ഡിസിസി ഭാരവാഹികളോട് സംസാരിച്ചിരുന്നെന്നും വ്യക്തമാക്കി.
വിവാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. ഇന്നത്തെ പ്രതിഷേധ പരിപാടി പരമാവധി വിജയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.വിവാദം അനാവശ്യവും ദുരുദേശപരവുമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ് അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ കൂടി നിർദേശ പ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും തന്റെ പേരോ ചിത്രമോ ഉൾപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.