ജനം മറന്നില്ല ‘കാനത്തെ’; നാടിന്റെ പേരിനൊപ്പം സ്വന്തം പേര് പതിച്ചുവച്ച കാനം ഇന്നും ഓർമയുടെ മഷിയടയാളം
Mail This Article
കാനം ∙ കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിലെ പോളിങ് ബൂത്തിൽ രാവിലെ 7നു തന്നെ വെള്ള വസ്ത്രങ്ങൾ ധരിച്ച് ഭാര്യയ്ക്കും മകനും ഒപ്പം എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്ന ഒരു നേതാവ് നാടിന് സ്വന്തമായി ഉണ്ടായിരുന്നു. നാടിന്റെ പേരിനൊപ്പം സ്വന്തം പേര് പതിച്ചുവച്ച കാനം രാജേന്ദ്രൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ജനമനസ്സുകളിൽ ഇന്നും ഓർമയുടെ മഷിയടയാളമാണ്.
കാനത്തിന്റെ ഭാര്യ വനജയും മകൻ സന്ദീപും ഇന്നലെ രാവിലെ തന്നെ കൊച്ചു കാഞ്ഞിരപ്പാറ എസ്‌വിജി എൽപി സ്കൂളിൽ 84–ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആണെങ്കിൽ പോലും തലേ ദിവസം മുതൽ ആളും അനക്കവും കൊണ്ട് സജീവമായിരുന്ന കാനത്തിന്റെ വീട് ഇക്കുറി ഏതാണ്ട് ശൂന്യമാണ്. എങ്കിലും വലിയ പുളിമരത്തിന്റെ ചുവട്ടിലെ കാനത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തേക്കു പലരും ഓർമകളുമായി കടന്നുവന്നു.
ഭാര്യ വനജ മകനൊപ്പം തിരുവനന്തപുരത്താണ്. പക്ഷേ, ഇടയ്ക്കിടെ എത്തി വീട് വൃത്തിയാക്കി പഴയതു പോലെ തന്നെ നിലനിർത്തുന്നു. തിരുവനന്തപുരത്ത് ആയിരുന്നെങ്കിലും കാനം രാജേന്ദ്രൻ തിരഞ്ഞെടുപ്പിനു തലേന്ന് വീട്ടിലെത്തി രാവിലെ വോട്ട് ചെയ്തു മടങ്ങുകയായിരുന്നു പതിവ്.