ഉണ്ണിക്കുട്ടന്റെ വീട്ടിലേക്ക് സ്നേഹപാത ഒരുക്കി പ്രിയപ്പെട്ടവർ

Mail This Article
അയർക്കുന്നം ∙ ഓട്ടിസവും ശാരീരിക അസ്വസ്ഥകളുമുള്ള മനക്കുന്നേൽ ഉണ്ണിക്കുട്ടൻ (16) ആശുപത്രിവാസത്തിനു ശേഷം വീട്ടിലേക്ക് എത്തുന്നത് നാട്ടുകാർ നിർമിച്ചു നൽകിയ സ്നേഹവഴിയിലൂടെ. ഉണ്ണിക്കുട്ടനു വീട്ടിൽനിന്നു പോകണമെങ്കിൽ പ്രധാന റോഡുവരെ നാലുപേർ ചേർന്ന് എടുത്തുകൊണ്ട് പോകണമായിരുന്നു.സഞ്ചാരയോഗ്യമായ വഴിയില്ലെന്നതായിരുന്നു കാരണം. അയർക്കുന്നം പഞ്ചായത്തിലെ 23, 24 കോൺഗ്രസ് ബൂത്ത് കമ്മിറ്റിയും ജീവകാരുണ്യ പ്രവർത്തക ഷൈനു മാത്യു ചാമക്കാലായും മറ്റു സുമനസ്സുകളും ഒരുമിച്ചതോടെയാണ് ഉണ്ണിക്കുട്ടന്റെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
വീട്ടുമുറ്റത്തേക്ക് വാഹനം എത്തുന്ന രീതിയിൽ 100 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തു. കുന്നിനു സമാനമായ സ്ഥലത്താണ് വീട്. ഉരുളൻ കല്ലുകളും കുഴികളും നിറഞ്ഞ റോഡിലൂടെ കാൽനടയായി വേണം വീട്ടിൽ എത്താൻ. പാൻക്രിയാസിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ഉണ്ണിക്കുട്ടന് എല്ലാമാസവും മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു പോകണം. മാതാപിതാക്കളായ ബിനുവും ബീന അമ്മാളും റോഡ് വരെ എടുത്തുകൊണ്ടുപോകുകയാണ് പതിവ്.
കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട് അയ്യംകുന്നേൽ റൊക്കി ആന്റണി തന്റെ വഴി കോൺക്രീറ്റ് ചെയ്യുന്നതിനായി വിട്ടുനൽകി. കോൺക്രീറ്റ് പണികളുടെ ഉദ്ഘാടനം അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിജി നാകമറ്റം നിർവഹിച്ചു.കോൺഗ്രസ് നേതാക്കളായ ജയിംസ് കുന്നപ്പള്ളി, ജോയി കൊറ്റത്തിൽ, കെ.സി.മത്തായി, ഷിജോ എം.കുരുവിള, ബൂത്ത് പ്രസിഡന്റുമാരായ റോബിൻ ഈന്തുംകാട്ടിൽ, ജോർജ് ചാരമംഗലം, റോണി , മഹിളാ കോൺഗ്രസ് പ്രവർത്തകരായ ലീലാമ്മ ബാബു, രാധാ മോഹൻ എന്നിവർ നേതൃത്വം നൽകി.