റോഡുകളുടെ സംഗമസ്ഥാനം, സ്ഥിരം അപകടമേഖല: മൂലേപ്പീടിക ജംക്‌ഷനിൽ വേണം മുൻകരുതൽ

Mail This Article
കങ്ങഴ ∙നാല് റോഡുകൾ സംഗമിക്കുന്ന മൂലേപ്പീടിക ജംക്‌ഷൻ നിലവിൽ അപകട മേഖലയാണ്. റോഡുകൾ നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. റോഡ് മുറിച്ച് കടക്കാൻ ഏറെനേരം കാത്തിരിക്കണമെന്നും അപകടങ്ങൾ പതിവാണെന്നും പ്രദേശവാസി സന്തോഷ് ഭവനിൽ ജി.സന്തോഷ് കുമാർ പറയുന്നു. കറുകച്ചാൽ – മണിമല റോഡിലെ പത്തനാട് നിന്നും ദേശീയപാത 183ലെ 12–ാം മൈൽ നിന്നുള്ള റോഡും വാഴൂർ – ചങ്ങനാശേരി റോഡിൽ സംഗമിക്കുന്നതു മൂലേപ്പീടിക ജംക്‌ഷനിലാണ്.
∙ ജംക്‌ഷനിൽ വാഹനത്തിരക്ക്
നാല് വശത്തു നിന്നും വരുന്ന വാഹനങ്ങൾ ജംക്‌ഷനിൽ നിന്നു വിവിധ റോഡുകളിലേക്ക് തിരിയുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 12–ാം മൈൽ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ വാഴൂർ റോഡിലേക്കും പത്തനാട് റോഡിലേക്കും പ്രവേശിക്കുമ്പോൾ വാഴൂർ റോഡിൽ ദേവഗിരിയിൽ നിന്നും കാഞ്ഞിരപ്പാറയിൽ നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കും. റോഡുകൾ നവീകരിച്ചതോടെ ജംക്‌ഷനിൽ തിരക്കേറി. കാഞ്ഞിരപ്പാറ ഭാഗത്തു നിന്നു ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്ക് വേഗം കൂടുതലാണ്.
∙ വികസനം വന്നപ്പോൾ കലുങ്ക് പകുതിയായി
ജംക്‌ഷനിൽ കങ്ങഴ പഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് പദ്ധതിയും ബസ് കാത്തിരിപ്പ് കേന്ദ്രവും വന്നതോടെ വാഴൂർ റോഡിലെ കലുങ്ക് ചെറുതായി.കൊടുംവളവിലെ കലുങ്ക് നവീകരണം അടിയന്തരമായി നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.വാഴൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ വളവിൽ വേഗം കുറച്ചില്ലെങ്കിൽ കൂട്ടിയിടിക്കും. ഇടിക്കാതെ വെട്ടിച്ചു മാറ്റിയ നിരവധി വാഹനങ്ങൾ സമീപത്തെ പറമ്പിലേക്കും തോട്ടിലേക്കും മറിഞ്ഞിട്ടുണ്ട്.