വീട് കത്തിനശിച്ചു; നോക്കിനിൽക്കെ ഇല്ലാതായത് ജീവിത സമ്പാദ്യമത്രയും

Mail This Article
കോഴിക്കോട് ∙ കത്തിയമർന്ന ചാരത്തിനിടയിൽ നിറ കണ്ണുകളോടെ ശൈലജ തന്റെ ജീവിത സമ്പാദ്യത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജീവിത സമ്പാദ്യമായ 15 പവൻ ഏതു രൂപത്തിലെങ്കിലും കണ്ടെത്തണമെന്നായിരുന്നു പ്രാർഥന. ഗോവിന്ദപുരം തെക്കേപുതുക്കുടി പറമ്പ് ദ്വാരകയിൽ ശൈലജയുടെയും കുടുംബത്തിന്റെയും ഓടിട്ട വീട് ഇന്നലെ പകൽ പന്ത്രണ്ടോടെയാണ് പൂർണമായും കത്തിയത്. ഷോർട് സർക്യൂട്ടാണു കാരണമെന്നാണു നിഗമനം.
മേൽക്കൂരയും ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും വസ്ത്രങ്ങളും ആധാരം ഉൾപ്പെടെ വിവിധ രേഖകളും ഉൾപ്പെടെ സർവതും കത്തി. അടുത്ത ഞായറാഴ്ച വീടിന്റെ അറ്റകുറ്റപ്പണി നടത്താനിരുന്നതാണ്. ഇതിനായി കരുതിയ 90,000 രൂപയും മര ഉരുപ്പടികളുമെല്ലാം കത്തി നശിച്ചു. ആഭരണങ്ങൾ പെട്ടിയിലാക്കി കട്ടിലിനടിയിൽ സൂക്ഷിച്ചതായിരുന്നു. കട്ടിലും കിടക്കയും ഉൾപ്പെടെ കത്തിയ ഇവിടെ ഒരു തരി പൊന്നെങ്കിലും കിട്ടുമോയെന്നറിയാൻ കമ്പി ഉപയോഗിച്ച് ഓരോ ചാരവും മാറ്റി നോക്കുകയാണ് ശൈലജയും സഹോദരി ദിഷയും ഉൾപ്പെടെയുള്ളവർ. റീജനൽ ഫയർ ഓഫിസർ കെ.അബ്ദു റഷീദിന്റെ നേതൃത്വത്തിൽ മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
മേൽക്കൂര പൂർണമായും കത്തിയ വീടിന്റെ ചുമരിന്റെ വിവിധ ഭാഗങ്ങൾ പൊട്ടി അപകടാവസ്ഥയിലാണ്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശൈലജയും മൂത്ത മകൻ ഹർഷനും കൂലിപ്പണിക്കു പോയതായിരുന്നു. ഇളയ മകൻ അരുണും വീട്ടിലുണ്ടായിരുന്നില്ല. മകൾ പ്രിയ കെട്ടിട നികുതി അടയ്ക്കാനായി പോയി തിരിച്ചു വരുമ്പോഴാണു വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടി വീഴുന്നത് കണ്ടത്. അടുത്തെത്തുമ്പോഴേക്കു തീ ആളിക്കത്തുകയായിരുന്നു. എല്ലാം നശിച്ച കുടുംബത്തിനു മാറിയുടുക്കാൻ വസ്ത്രം പോലുമില്ല. മൂന്നേമൂക്കാൽ സെന്റ് സ്ഥലത്താണ് വീട്. ശൈലജയുടെ ഭർത്താവ് ഗിരിജൻ രണ്ടു വർഷം മുൻപ് മരിച്ചു.