അഞ്ചാംപനി പടരുന്നു; പ്രതിരോധ കുത്തിവയ്പിന് ബോധവൽക്കരണം
Mail This Article
നാദാപുരം∙ അഞ്ചാംപനി പടരുന്ന വാർഡുകളിൽ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിരോധ കുത്തി വയ്പിനായുള്ള ബോധവൽക്കരണം സജീവമാക്കി. ചിയ്യൂർ, തെരുവമ്പറമ്പ്, പെരുവങ്കര, നാദാപുരം ടൗൺ തുടങ്ങിയ മേഖലകളിലാണ് അതതു വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണം ആരംഭിച്ചത്. 340 കുട്ടികൾ അഞ്ചാം പനിക്കെതിരെയുള്ള കുത്തിവയ്പ് എടുക്കാനുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
ഇന്നു പള്ളികളിൽ ബോധവൽക്കരണം നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, മെംബർമാരായ റീന കിണമ്പ്രേമ്മൽ, കണേക്കൽ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആശാ വർക്കർമാർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചു ബോധവൽക്കരണം തുടങ്ങിയത്. പോസ്റ്റർ പ്രചാരണം, ലഘുലേഖ വിതരണം തുടങ്ങിയവയും തുടങ്ങി. ഇന്നു 12നു ചിയ്യൂർ ചെറുപീടികക്കണ്ടി ജനസേവ കേന്ദ്രത്തിൽ പ്രതിരോധ കുത്തി വയ്പ് ക്യാംപ് നടത്തും.