പകർച്ചവ്യാധി: ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു പനിച്ചു വിറച്ച് ജില്ല
Mail This Article
ചേവായൂർ ∙ ജില്ലയിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), പകർച്ചപനി, എലിപ്പനി തുടങ്ങിയവ ബാധിച്ച് രോഗികളുടെ വരവ് കൂടിയതോടെ മെഡിക്കൽ കോളജ് അടക്കം സർക്കാർ ആശുപത്രികളിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. ജില്ലയിൽ ഇന്നലെ പകർച്ചപ്പനി ബാധിച്ചു 733 പേരും ഡെങ്കിപ്പനിക്ക് 41 പേരും മഞ്ഞപ്പിത്തം ബാധിച്ച് 10 പേരും എലിപ്പനിക്ക് 4 പേരും ചികിത്സ തേടി.ഷിഗെല്ല, മസ്തിഷ്‌ക ജ്വരം തുടങ്ങിയ പകർച്ച വ്യാധികൾ ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴായിരത്തോളം പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനി ബാധിച്ച് 190 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം എലിപ്പനി ബാധിച്ചു 65 കാരനും മഞ്ഞപ്പിത്തം ബാധിച്ച് 43 കാരനും താമരശ്ശേരിയിൽ മരിച്ചു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടും. പകർച്ചപ്പനിയുമായാണു കൂടുതൽ പേരും ആശുപത്രിയിൽ എത്തുന്നത്. പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിൽ വാർഡുകളും നിറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഫീവർ ക്ലിനിക്കുകൾ തുറന്നു. രണ്ടാഴ്ച മുൻപു നാനൂറിൽ താഴെ പേരായിരുന്നു പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തിയിരുന്നത്. മഴ തുടങ്ങിയതോടെ ഇതു വർധിക്കുകയാണ്. ഈ വർഷം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ പകർച്ചവ്യാധികളും കുതിച്ചുയരുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
മെഡി. കോളജിൽ കൂടുതൽ മഞ്ഞപ്പിത്തം
മെഡിക്കൽ കോളജിൽ ജൂൺ 1 മുതൽ 18 വരെ മഞ്ഞപ്പിത്തം ബാധിച്ചു 90 പേർ ചികിത്സ തേടി, 3 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് 31 പേർ ചികിത്സ തേടി. എലിപ്പനിയുമായി എത്തിയ 19ൽ ഒരാളും മസ്തിഷ്ക ജ്വരം ബാധിച്ചെത്തിയ 9 പേരിൽ ഒരാളും മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കകൾ കിട്ടാതെ രോഗികൾ വരാന്തയിൽ പായ വിരിച്ചാണു കിടക്കുന്നത്. പനി ബാധിതരെ പ്രവേശിപ്പിക്കുന്ന മൂന്നാം വാർഡിൽ കിടക്കകൾ നിറഞ്ഞു കവിഞ്ഞ് രോഗികളുടെ നിര കന്റീനു മുന്നിലൂടെ നഴ്‌സിങ് സൂപ്രണ്ട് ഓഫിസ് വരെ എത്തി. അതിനിടെ സാവിത്രി സാബു മെമ്മോറിയൽ വാർഡിൽ മുൻപു കോവിഡിനായി ഉപയോഗിച്ചിരുന്ന 19-ാം വാർഡ് കൂടി കൂട്ടിച്ചേർത്തതോടെ മെഡിസിൻ വിഭാഗത്തിലെ വാർഡുകളുടെ എണ്ണം 13 ആയി. എന്നാൽ നിത്യേന മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ ബാധിച്ച് 12, 13 രോഗികളെയാണ് മെഡിസിൻ വാർഡിൽ അധികമായി പ്രവേശിപ്പിക്കുന്നത്.