ഇന്ധന ചോർച്ച: രാത്രി മുഴുവൻ രൂക്ഷഗന്ധം; തലവേദനയും കണ്ണിൽ എരിച്ചിലുമായി സമീപവാസികൾ
Mail This Article
കോഴിക്കോട്∙ എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണ പ്ലാന്റിലെ ചോർച്ചയെ തുടർന്നു രണ്ടായിരത്തോളം ലീറ്റർ ഡീസൽ പുറത്തേക്കൊഴുകിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്തു. ചോർച്ച ആകസ്മികമായി സംഭവിച്ചതാണെങ്കിലും കമ്പനി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണു കേസ്. ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകൾ പ്രകാരം സ്ഥാപനത്തിനെതിരെ കേസെടുത്തു. കാരണം കാണിക്കൽ നോട്ടിസ് നൽകി. മലിനീകരണ നിയന്ത്രണ നിയമം, എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ ആക്ട് എന്നിവ പ്രകാരവും കേസെടുക്കും.
ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ മെക്കാനിക്കൽ–ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടായ പിഴവാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ധനം നിറയുന്നത് അറിയിക്കുന്ന സെൻസർ ഗേജിലുണ്ടായ പിഴവ് ചോർച്ചയ്ക്കു കാരണമായി. 1500 ലീറ്റർ ഇന്ധനം ചോർന്നതായാണ് എച്ച്പിസിഎൽ അധികൃതർ അറിയിച്ചത്.
ഡീസൽ ഓവുചാൽ വഴി പുറമേക്കും തോട്ടിലേക്കും പുഴയിലേക്കും എത്തിയതു മൂലം ഗുരുതരമായ മലിനീകരണ പ്രശ്നമുണ്ടായതായും കണ്ടെത്തി. 2 കിലോമീറ്റർ ചുറ്റളവു വരെ മലിനീകരണത്തിനു സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. മലിനീകരണ തോത് വ്യക്തമാകാനായി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രത്യേക ലായനി മുംബൈയിൽനിന്ന് എത്തിച്ച ശേഷം വെള്ളത്തിലെ ഇന്ധനം നീക്കം ചെയ്യുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും.
പ്രദേശത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തീരുമാനങ്ങൾ കൂടി വന്ന ശേഷം തുടർ നടപടികൾ എടുക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ഇന്ധനച്ചോർച്ച: ആശങ്ക പരിഹരിക്കണമെന്ന് എം.കെ.രാഘവൻ
എലത്തൂർ∙ എച്ച്പിസിഎൽ ഇന്ധനച്ചോർച്ച സംബന്ധിച്ച വിഷയത്തിൽ വീഴ്ച പരിശോധിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു. ഒന്നര വർഷം മുൻപ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നവീകരണം പൂർത്തീകരിച്ച് തുറന്ന ഇവിടെ ഇത്തരം അപകടങ്ങൾ വലിയ പ്രാധാന്യത്തോടെ കാണണം. ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി മാറ്റി സ്ഥാപിക്കാനുള്ള നടപടി ഊർജിതപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
ഏറ്റവും പ്രധാനം ജനങ്ങളുടെ സുരക്ഷ: മന്ത്രി എ.കെ.ശശീന്ദ്രൻ
എലത്തൂർ∙ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിന്റെ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഇന്ധനം പടർന്ന ജലാശയങ്ങൾ വൃത്തിയാക്കാനും സംഭവം ഇനിയും ആവർത്തിക്കാതിരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന സംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്പിസിഎൽ ആസ്ഥാനവുമായും കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായും സർക്കാർതലത്തിൽ ചർച്ച നടത്തും. ഡിപ്പോയുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ സുരക്ഷിതവും സുതാര്യവുമാക്കാൻ സ്ഥാപന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലാശയങ്ങൾ ശുചിയാക്കുന്ന പ്രവൃത്തി ഇന്നു രാത്രിയോടെ ആരംഭിക്കും. മലിനീകരണത്തിന്റെ വ്യാപ്തി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രി ഉൾപ്പെടെ വൈകിട്ട് സന്ദർശനത്തിന് എത്തിയപ്പോൾ കമ്പനിയുടെ ചുമതലയുള്ള മാനേജർ സ്ഥലത്തുണ്ടായിരുന്നില്ല. ഇതിൽ ക്ഷുഭിതനായ കലക്ടർ അദ്ദേഹത്തെ വിളിച്ചു വരുത്തി.കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, കലക്ടർ സ്നേഹിൽ കുമാർ സിങ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ ഒ.പി.ഷിജിന, എഡിഎം എൻ.എം. മെഹറലി, ദുരന്തനിവാരണം ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി, ഡിസാസ്റ്റർ മാനേജ്‌മെന്റ് അനലിസ്റ്റ് അശ്വതി, തഹസിൽദാർ പ്രേംലാൽ, വില്ലേജ് ഓഫിസർ ജിജി എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
രാത്രി മുഴുവൻ രൂക്ഷഗന്ധം; തലവേദനയും കണ്ണിൽ എരിച്ചിലുമായി സമീപവാസികൾ
എലത്തൂർ∙ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ പ്ലാന്റിന് വടക്കുഭാഗത്ത് 3 വീടുകളാണുള്ളത്. രാത്രി കണ്ണിൽ എരിച്ചിലും ശക്തമായ തലവേദനയും വീട്ടുകാർക്ക് അനുഭവപ്പെട്ടു. രാത്രി മുഴുവൻ ഇന്ധനം ചോർന്ന് രൂക്ഷഗന്ധം വീട്ടിൽ പരന്നതോടെ 65 വയസ്സുള്ള അഴിക്കൽപറമ്പ് ആയിഷബിയെ രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് മക്കൾ ബന്ധുവീട്ടിലേക്കു മാറ്റി. രോഗിയായ ഇവർക്ക് രക്തത്തിൽ ഓക്സിജൻ കുറയുന്ന പ്രശ്നം ഉള്ളതിനാൽ രാത്രി ആശങ്കയോടെയാണ് കുടുംബം കഴിഞ്ഞുകൂടിയത്.
രാവിലെ ആരോഗ്യ പ്രവർത്തകരെത്തി പ്രദേശത്തെ മൂന്നു വീട്ടിലുള്ളവരോട് താൽക്കാലികമായി മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കോർപറേഷൻ ഒന്ന്, രണ്ട് വാർഡുകളിലെ 12 കുടുംബങ്ങളാണ് രൂക്ഷഗന്ധം നിറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രാത്രി കഴിച്ചുകൂട്ടിയത്. കുട്ടികൾക്ക് അടക്കം ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
2000 ലീറ്ററോളം ഡീസൽ പ്ലാന്റിലേക്കു മാറ്റി
എലത്തൂർ∙ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്നു 2000 ലീറ്ററോളം ഡീസൽ ഫറോക്ക് ഇന്ത്യൻ ഓയിൽ കോർപറേഷനിൽനിന്ന് (ഐഒസി) എത്തിയ സംഘം പ്ലാന്റിലേക്കു മാറ്റി. കഴിഞ്ഞ ദിവസം എത്തിയ അഗ്നിരക്ഷാസേനയും ടെക്നിക്കൽ സംഘവുമാണ് ഇന്ധനം മെഷീനുകളുടെ സഹായത്തോടെ ടാങ്കറിലേക്കും ബാരലിലേക്കും മാറ്റി പ്ലാന്റിലേക്കു കൊണ്ടുപോയത്.
ഡീസൽ ശേഖരിക്കാൻ ബാരലുകൾ പ്ലാന്റിൽ ഇല്ലാത്തതിനാൽ ശേഖരിക്കുന്നതു വൈകിയിരുന്നു. ടാങ്കർ ലോറി എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. എറണാകുളത്തെ പ്ലാന്റിൽ നിന്നു ബാരലുകൾ ഒരു രാത്രി ഒന്നോടെ എത്തിച്ചു. പുലർച്ച വരെ ഇന്ധനം നീക്കം ചെയ്തെങ്കിലും രാവിലെ വടക്കുഭാഗത്തെ ഓടയിൽ നിന്ന് ഇന്ധനം ചോരാൻ തുടങ്ങി. മെഷീനുകളുടെ സഹായത്തോടെ ഇന്ധനം പ്ലാന്റിലേക്ക് പമ്പ് ചെയ്തു മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെ വിദഗ്ധസംഘം പരിശോധനയ്ക്കായി പ്ലാന്റിൽ എത്തി. ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി, ജില്ലാ എൻവയൺമെന്റ് ഓഫിസർ സൗമ ഹമീദ്, കോഴിക്കോട് കോർപറേഷൻ ചീഫ് ഹെൽത്ത് ഓഫിസർ ഡോ. പി.കെ.മുനവർ റഹ്മാൻ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് റീജനൽ ജോയിന്റ് ഡയറക്ടർ എൻ.ജെ. മുനീർ എന്നിവർ സംഭരണ പ്ലാന്റിലെത്തി പരിശോധന നടത്തി.
കമ്പനിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണ് കണ്ടെത്തിയതെന്ന് ഡപ്യൂട്ടി കലക്ടർ പറഞ്ഞു. ഇന്ധനം വലിയ ടാങ്കിൽ നിന്നു ചെറിയ ടാങ്കിലേക്ക് സുരക്ഷാ പരിശോധനയുടെ ഭാഗമായി മാറ്റിയ മൂന്നാം ഘട്ടത്തിൽ ഓവർഫ്ലോ ഉണ്ടായതാണ് ചോർച്ചയ്ക്കു കാരണം. സംഭരണി കാലിയാക്കി ചോർച്ചയുണ്ടോ എന്നു പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഓവർഫ്ലോ സംഭവിച്ചാൽ ഓടയിലേക്കു വരുന്ന സാഹചര്യം ഒഴിവാക്കി കമ്പനിയുടെ അകത്തുതന്നെ ഒഴുകുന്ന രീതിയിലേക്ക് സംവിധാനം ഒരുക്കാൻ നിർദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പനിയുടെ സമീപത്തെ ഓടയിൽ നിന്നും പടന്നയിൽ തോട് വഴി ഡീസൽ പടർന്ന മറ്റു 3 ഇടങ്ങളിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു.
ജലാശയങ്ങൾ അടിയന്തരമായി ശുചീകരിക്കുമെന്ന് കലക്ടർ
കോഴിക്കോട്∙ എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്ന് ഇന്ധനച്ചോർച്ചയുണ്ടായ സംഭവത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ്. ദുരന്തനിവാരണം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യം, കോർപറേഷൻ, റവന്യു തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്തു പരിശോധന നടത്തി.
ഇന്ധനം ചോർന്ന് അടുത്തുള്ള തോട്ടിലേക്ക് എത്തിയതു മൂലം ഏതാണ്ട് ഒരു കിലോമീറ്ററോളം പടർന്നതായാണ് കണ്ടെത്തിയത്. ഇന്ധനം മണ്ണിൽ കലർന്ന ഇടങ്ങളിൽ മണ്ണ് മാറ്റി വൃത്തിയാക്കാൻ എച്ച്പിസിഎലിന് നിർദേശം നൽകി. പ്രദേശവാസികളിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ അവ പരിഹരിക്കാനായി പ്രത്യേക മെഡിക്കൽ സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായും കലക്ടർ പറഞ്ഞു.