എലത്തൂർ സംഭരണ കേന്ദ്രത്തിൽ ചോർച്ച: ഇന്ധന നീക്കം ഭാഗികമായി തടസ്സപ്പെട്ടു

Mail This Article
എലത്തൂർ∙ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് ഇന്ധന നീക്കം ശനിയാഴ്ച മുതൽ ഭാഗികമായി തടസ്സപ്പെട്ടു. എന്നാൽ, ഇതു വിതരണത്തെ ബാധിച്ചിട്ടില്ല. ചോർച്ചയെ തുടർന്ന് ഇന്ധനം സംഭരണിയിൽനിന്നു മാറ്റിനിറച്ചതും വിവിധ വകുപ്പുകളുടെ പരിശോധനയുമാണു ഇന്ധന നീക്കം ഭാഗികമായി തടസ്സപ്പെടാൻ കാരണം. എലത്തൂർ ഡിപ്പോയിൽ നിന്നു കണ്ണൂർ, മാഹി, കോഴിക്കോട്, വയനാട് ജില്ലകളിലേക്കാണ് ഇന്ധനം കൊണ്ടുപോകുന്നത്. സാധാരണ ദിവസങ്ങളിൽ 50 ടാങ്കറുകളാണ് ഇവിടെനിന്നു പോകുന്നത്. ശനിയാഴ്ചകളിൽ നൂറിലധികം ടാങ്കറുകൾ പോകാറുണ്ടെന്നു തൊഴിലാളികൾ പറഞ്ഞു. വൈകിട്ട് 6ന് ശേഷം ടാങ്കറുകളിൽ ഇനി മുതൽ ഇന്ധനം നിറയ്ക്കരുതെന്ന നിർദേശം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നൽകിയതായാണു വിവരം.

ഇന്ധനച്ചോർച്ച; ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന
എലത്തൂർ∙ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ ഡീസൽ ചോർന്ന് ഓടയിലൂടെ ഒഴുകിയ സംഭവത്തിൽ ഡൽഹിയിൽ നിന്നുള്ള കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും. സംഭരണ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിപ്പോ മാനേജരെ മാറ്റുമെന്നു സൂചനയുണ്ട്. ഡിപ്പോ മാനേജരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായതായി കമ്പനി അധികൃതർക്ക് ബോധ്യപ്പെട്ടതായാണു വിവരം. ശനിയാഴ്ച കലക്ടർക്ക് നൽകിയ വിശദീകരണ കുറിപ്പിലും കമ്പനിയുടെ ഭാഗത്തു വീഴ്ചയുള്ളതായി സമ്മതിച്ചിരുന്നു

പ്രതിഷേധം തുടരുന്നു
∙ ഇന്ധനച്ചോർച്ചയെ തുടർന്ന് സംഭരണ കേന്ദ്രത്തിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പ്രതിഷേധ മാർച്ച് നടത്തി. സാമൂഹിക പ്രവർത്തകൻ വി.ടി.നാസർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ മാട്ടുവയിൽ അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ ബൈജു പുത്തലത്ത്, ഷൈജു പുത്തലത്ത്, സിറാജ് കോയ, മുഹമ്മദ് പാണ്ടികശാല, പ്രവീൺകുമാർ, കെ.എം.നിസാർ, എൻ.നസീർ, എ.പി.ദിലീപ്, എം.സലിം എന്നിവർ പ്രസംഗിച്ചു.
സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ജനവാസ കേന്ദ്രത്തിൽനിന്നു ഡിപ്പോ മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ജനകീയ സംരക്ഷണ കൂട്ടായ്മ മാർച്ച് നടത്തിയത്. കേന്ദ്രത്തിനു മുന്നിൽ പൊലീസ് തടഞ്ഞു.