ബി സോൺ കലോത്സവത്തിനിടെ വീണ്ടും സംഘർഷം

Mail This Article
നാദാപുരം∙ പുളിയാവിൽ, നാഷനൽ കോളജ് ക്യാംപസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ബി സോൺ കലോത്സവത്തിനിടയിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച അർധ രാത്രി തുടങ്ങിയ ബഹളവും കയ്യാങ്കളിയും കസേരയേറും ഇന്നലെ പുലർച്ചെ മൂന്നര വരെ തുടർന്നു. പൊലീസിന്റെ നിർദേശത്തെ തുടർന്ന് മത്സരങ്ങൾ ഇടയ്ക്കു നിർത്തി. 15 വിദ്യാർഥികൾക്ക് പരുക്കേറ്റു. പരുക്കേറ്റ പലരും പല ആശുപത്രികളിലായി ചികിത്സ തേടി. ജില്ലയിലെ വിവിധ കോളജുകളിൽ നിന്ന് മത്സരങ്ങൾക്ക് എത്തിയ വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
പെൺകുട്ടികളായ മത്സരാർഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾ അടക്കം സംഘർഷത്തിനിടയിൽ നെട്ടോട്ടമോടേണ്ടി വന്നു. രാത്രി 12ന് ഗുരുവായൂരപ്പൻ കോളജിന്റെ നാടകമത്സരത്തിനിടയിലാണ് സംഘർഷം ഉടലെടുത്തത്. നാടകം തീരും മുൻപ് വൊളന്റിയർ കർട്ടൻ താഴ്ത്തിയതിനെ ചില വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇതോടെ കൂടുതൽ വൊളന്റിയർമാർ സംഘടിച്ചെത്തി. വൊളന്റിയർമാർ മർദിച്ചെന്ന പരാതിയിൽ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗുരുവായുരപ്പൻ കോളജിലെയും ഗവ. ആർട്സ് കോളജിലെയും വിദ്യാർഥികൾക്ക് മർദനമേറ്റതായാണു പരാതി. സ്ഥലത്തെത്തിയ പൊലീസ് സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനു നേരെ മുദ്രാവാക്യം വിളികളുയരുകയും കസേരയെറിയുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയതും മത്സരാർഥികളും മത്സരം കാണാനെത്തിയവരും രക്ഷിതാക്കളും അടക്കമുള്ളവർ നാലുപാടും ഓടിയതും.
സംഘർഷത്തെ തുടർന്ന് നാദാപുരം, കുറ്റ്യാടി, വളയം, വടകര എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊലീസിനെയും ദ്രുത കർമ സേനയെയും പുളിയാവിലെത്തിച്ചു. ഇന്നലെ രാവിലെ മത്സരങ്ങൾ പുനരാരംഭിച്ചെങ്കിലും വൻ പൊലീസ് സംഘം കോളജ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ കോഴിക്കോട് ലോ കോളജ് യൂണിയൻ ചെയർമാനെയും വൈസ് ചെയർമാനെയും കയ്യേറ്റം ചെയ്ത സംഭവത്തി ൽ പൊലീസ് കേസെടുത്തിരുന്നു.
കിരീടം ഉറപ്പിച്ചു ദേവഗിരി കോളജ്; രണ്ടാം സ്ഥാനത്ത് ഫാറൂഖ്
നാദാപുരം∙ പുളിയാവ് നാഷനൽ കോളജിൽ 5 ദിനരാത്രങ്ങളിലായി നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ ഒപ്പന മത്സരം അവശേഷിക്കവെ 260 പോയിന്റുമായി ദേവഗിരി കോളജ് കിരീടം ഉറപ്പിച്ചു. 233 പോയിന്റുമായി ഫാറൂഖ് കോളജ് രണ്ടാം സ്ഥാനത്തുണ്ട്. ഗുരുവായൂരപ്പൻ കോളജാണ് മൂന്നാം സ്ഥാനത്ത്. കലോത്സവത്തിന്റെ ആദ്യ ദിനം മുതൽ ദേവഗിരി ആയിരുന്നു മുന്നിൽ. സ്റ്റേജ് ഇതര മത്സരങ്ങളിലും സ്റ്റേജിനങ്ങളിലും ദേവഗിരി പോയിന്റുകൾ വാരിക്കൂട്ടി. സമാപന സമ്മേളനം എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാഹിബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.