ഡാം റിസർവോയർ ബഫർ സോൺ ഉത്തരവ്: യൂത്ത് കോൺഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്

Mail This Article
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിനു ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. പെരുവണ്ണാമൂഴി ടൗണിൽ നിന്നും പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരെ ഡാമിന്റെ ഗേറ്റിൽ പെരുവണ്ണാമൂഴി എസ്ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. പ്രവർത്തകർ ഗേറ്റ് തള്ളി അകത്തു കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ രംഗം ശാന്തമായി. പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ബഫർ സോൺ ഉത്തരവ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ രാജേഷ് തറവട്ടത്ത്, ലൈസ ജോർജ്, ബ്ലോക്ക് മെമ്പർ ഗിരിജ ശശി, ജയിംസ് മാത്യു, ബാബു കൂനന്തടം, തോമസ് ആനത്താനം, ഗിരീഷ് കോമച്ചംകണ്ടി, പ്രസാദ് ജോർജ്, ജയിൻ ജോൺ എന്നിവർ പ്രസംഗിച്ചു.