‘ഒരു പ്രത്യേകതയുമില്ല’ എന്ന പ്രത്യേകതയുള്ള ഡോക്ടർ!
Mail This Article
മലപ്പുറം ∙ ഏറെ നിർബന്ധിച്ചതിനു ശേഷമാണു സമ്മതിച്ചത്. ‘പുകഴ്ത്താഞ്ഞാ മതി’ എന്ന നിബന്ധനയോടെ. അതുകൊണ്ട് അലങ്കാരത്തിന്റെ പൂച്ചെണ്ടുകൾ ഒഴിവാക്കി ഡോ. കെ. അബ്ദുറഹിമാനെക്കുറിച്ചു പറയാം. ‘ഒരു പ്രത്യേകതയുമുള്ള മനുഷ്യനല്ല ഞാൻ’ എന്നാണ് അബ്ദുറഹിമാന്റെ സ്വയം വിശേഷണം.
മലപ്പുറത്തെയും പരിസരത്തെയും ജനങ്ങൾക്കു പക്ഷേ, അങ്ങനെയല്ല തോന്നുന്നത്. കുടുംബാംഗത്തോടെന്ന പോലെ,സ്നേഹവാത്സല്യത്തോടെ പെരുമാറും. മുറിയിലേക്കു കയറിച്ചെല്ലും മുൻപു പോക്കറ്റിലേക്കു നോക്കേണ്ട. നമ്മൾ കൊടുക്കുന്നതാണു ഫീസ്, അതെത്ര ചെറുതായാലും ഇനി ഇല്ലെങ്കിലും കുഴപ്പമില്ല.
പുതുതായി ചെല്ലുന്നയാളോട് ‘ഇന്നയാളുടെ മോനല്ലേ’ എന്നു ചോദിക്കാനുള്ള പരിചയം. കാരണം 50 വർഷത്തിലധികമായി ചികിത്സ തുടങ്ങിയിട്ട്. അസുഖമില്ലെങ്കിൽ കൂടി ഒന്നു കണ്ടുപോകാമെന്നു തോന്നുന്ന വ്യക്തിത്വം. ഇതൊക്കെയാണ് മലപ്പുറംകാർക്കു ഡോ.കെ.അബ്ദുറഹിമാൻ.
പുലാമന്തോൾ സ്വദേശിയായ അബ്ദുറഹിമാൻ 1972ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായി. കുറച്ചുകാലം സർക്കാർ സർവീസിൽ. പിന്നീടു സ്വന്തം നിലയ്ക്കു പ്രാക്ടീസ്. ഇപ്പോൾ എഴുപത്തെട്ടാം വയസ്സിലും രാവിലെ എട്ടര മുതൽ ഉച്ചവരെ മലപ്പുറം കുന്നുമ്മലിലുള്ള ക്ലിനിക്കിലുണ്ടാകും.
മലപ്പുറം കാവുങ്ങലിലാണു താമസം. ഫീസിന്റെ കാര്യത്തിൽ നിർബന്ധബുദ്ധിയില്ലാത്തതെന്തെന്നു ചോദിച്ചപ്പോൾ ഉത്തരം ഇങ്ങനെ– ‘മാതൃകയായിട്ടു ചെയ്തതൊന്നുമല്ല, സ്വതവേ പ്രകൃതം അങ്ങനെയാണ്. വലിയ കാറു വേണമെന്നോ, ആഡംബരം വേണമെന്നോ ഇന്നു വരെ തോന്നിയിട്ടില്ല. ബുദ്ധിമുട്ടൊന്നും കൂടാതെ ജീവിച്ചുപോകാൻ ഇപ്പോൾ കിട്ടുന്നതു തന്നെ ധാരാളം.’ തന്നെക്കുറിച്ചൊന്നും എഴുതാനില്ല എന്നാണ് അബ്ദുറഹിമാന്റെ വാദം. എന്നാൽ അങ്ങനെ പറയുന്ന നല്ല മനുഷ്യരെക്കുറിച്ച് എഴുതാതിരുന്നാൽ അതും മര്യാദകേടാവില്ലേ– അതുകൊണ്ടു മാത്രം.