കുമാരനാശാന് നാടകത്തിലൂടെ വനിതകളുടെ ആദരാഞ്ജലി
Mail This Article
എടപ്പാൾ ∙ കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് എടപ്പാൾ ഗോൾഡൻ ഫ്ലെയിമിന്റെ നേതൃത്വത്തിൽ വനിതകളുടെ ആദരാഞ്ജലി. ‘പൂവും തോയവും’ എന്ന നാടകത്തിലൂടെയാണ് ഇവർ വേറിട്ട ആദരം അർപ്പിച്ചത്. അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് എടപ്പാൾ ഗോൾഡൻ ഫ്ലെയിം അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിൽ ‘അനുപമം ആശാൻ’ പരിപാടി സംഘടിപ്പിച്ചത്.
കുമാരനാശാന്റെ കവിതകളിലെ സ്ത്രീ കഥാപാത്രങ്ങൾ, നായികമാർ എന്നിവർ പുഴയുടെ തീരത്ത് പൂവും ജലവും അർപ്പിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. നോവലിസ്റ്റ് നന്ദന്റേതാണ് കഥ. ഗാനങ്ങൾ രചിച്ചിരിക്കുന്നത് പി.വി.നാരായണൻ ആണ്. ഗോൾഡൻ ഫ്ലെയിമിലെ അംഗങ്ങളായ അഞ്ജു അരവിന്ദ്, ഡോ. ടി.എൻ.വിദ്യ, ദേവിക, ജാനി, കൃഷ്ണപ്രിയ, സുബീന, ബിന്ദു എന്നിവരാണ് അഭിനേതാക്കൾ. അദ്ദേഹത്തിന്റെ കവിതകളുടെ ആലാപനം, പ്രഭാഷണം, നൃത്താവിഷ്കാരം എന്നിവയുമുണ്ടായി. സദനം ഹരികുമാർ, രഞ്ജിത് എന്നിവർ കവിതാലാപനം നടത്തി. ഹരി ആലങ്കോട്, വേന്ത്രക്കാട് നാരായണൻ നമ്പൂതിരി എന്നിവരാണ് അണിയറ പ്രവർത്തകർ.