നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന തേക്കുതടികൾ വിൽപനയ്ക്ക്; ലേലം 30നും ഫെബ്രുവരി 3നും

Mail This Article
നിലമ്പൂർ ∙ ബ്രിട്ടിഷ്, മലബാർ ചരിത്രം ഇഴചേർന്ന നെല്ലിക്കുത്ത് തേക്കുതോട്ടത്തിലെ തടികൾ വനം വകുപ്പിന്റെ അരുവക്കോട് ഡിപ്പോയിൽ വിൽപ്പനയ്ക്കു വച്ചു. കോഴിക്കോട് കലക്ടറായിരുന്ന എച്ച്.വി.കനോലിയുടെ കാലത്ത് 1930ൽ മലയാളിയായ ഫോറസ്റ്റ് കൺസർവേറ്റർ ചാത്തുമേനോന്റെ മേൽനോട്ടത്തിൽ നട്ടുവളർത്തിയതാണ് നെല്ലിക്കുത്ത് തേക്കുതോട്ടം. കപ്പൽ നിർമാണത്തിന് തടിക്ഷാമം നേരിട്ടപ്പോൾ 1840ൽ ബ്രിട്ടിഷുകാരാണ് നിലമ്പൂരിൽ തേക്കുതോട്ടം നട്ടുപിടിപ്പിച്ചത്. ചാലിയാറിന്റെ തീരത്ത് സ്വർണത്തരികൾ കലർന്ന ഫലഭൂയിഷ്ഠമായ മണ്ണ് തേക്കിന് അനുയോജ്യമെന്ന കണ്ടെത്തലാണ് കൃഷിയിലേക്ക് നയിച്ചത്.
ലോകത്ത് ആദ്യമായി മനുഷ്യൻ നട്ട തേക്കുതോട്ടങ്ങൾ നിലമ്പൂരിൽ പിറവിയെടുത്തു. അവയ്ക്ക് കാരണക്കാരായ കനോലി, ചാത്തുമേനോൻ എന്നിവരുടെ സ്മരണയ്ക്ക് അന്നത്തെ തോട്ടത്തിന്റെ ഭാഗങ്ങൾ നിലമ്പൂർ, നെല്ലിക്കുത്ത് എന്നിവിടങ്ങളിൽ ഇരുവരുടെയും പേരിട്ട് വനം വകുപ്പ് സംരക്ഷിച്ചു വരുന്നു. സ്വർണനിറമുള്ള വാർഷിക വലയങ്ങളോടുകൂടിയ ഗുണമേന്മയേറിയ നിലമ്പൂർ തേക്കിന് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. ബി, സി കയറ്റുമതി ഇനങ്ങൾ ഉൾപ്പെടെ വിവിധ ഇനങ്ങളിൽ നെല്ലിക്കുത്ത് തോട്ടത്തിലെ 538 കഷണം തടികളാണ് വിൽപ്പനയ്ക്കുള്ളത്.
മൊത്തം 254.03 ഘനമീറ്ററുണ്ട്. കൂട്ടത്തിൽ ഏറ്റവും മുന്തിയ ബി കയറ്റുമതി ഇനത്തിന് 185 സെന്റിമീറ്ററിന് മുകളിൽ വണ്ണമുണ്ട്. ഈ ഇനത്തിൽ ആകെ 6.924 ഘനമീറ്ററിൽ 5 കഷണങ്ങളുണ്ട്. ഇവയ്ക്ക് ഘനമീറ്ററിന് 3 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിപ്പോ റേഞ്ച് ഓഫിസർ പി.എസ്.നിധിൻ പറഞ്ഞു. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് നൂറ്റാണ്ടിനടുത്ത് മൂപ്പുള്ള തേക്ക് തടികൾ അരുവാക്കോട്ട് വിൽപ്പനയ്ക്ക് എത്തിച്ചത്. മുഴുവൻ തടികൾ വിറ്റുതീർന്നാൽ കോടി രൂപ സർക്കാരിനു കിട്ടും. MSTC ECOMMERCE എന്ന സൈറ്റിലൂടെ 30, ഫെബ്രുവരി 3 എന്നീ തീയതികളിൽ ഇ ലേലം വഴിയാണ് വിൽപ്പന. 04931 220207.