കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് അഡ്വഞ്ചർ പാർക്ക് പദ്ധതി പുനർജനിക്കുന്നു
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ 10 വർഷം മുൻപ് പാളിപ്പോയ അഡ്വഞ്ചർ പാർക്ക് പദ്ധതി കായിക വിദ്യാർഥി കൂട്ടായ്മയിൽ പുനർജനിക്കുന്നു. മുൻപ് സ്ഥാപിച്ച സാഹസിക കായിക സംവിധാനങ്ങൾ 65 കായിക വിദ്യാർഥികൾ ചേർന്ന് നമ്മളിടം ലീഡർഷിപ് ക്യാംപിന്റെ ഭാഗമായി കാലോചിതമായി പരിഷ്കരിച്ച് തുടങ്ങി. 18 വരെ രാവിലെ മുതൽ ഏതാനും മണിക്കൂർ വിദ്യാർഥികൾ അഡ്വഞ്ചർ പാർക്ക് നവീകരണ ജോലിയിൽ മുഴുകും. ക്യാംപിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം വിദഗ്ധരുടെ ക്ലാസാണ്. രാത്രി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. യൂണിവേഴ്സിറ്റി എൻജിനീയറുടെ മാർഗരേഖ അനുസരിച്ചാണ് അഡ്വഞ്ചർ പാർക്ക് പുനഃക്രമീകരിക്കുന്നത്.
കമാൻഡോ നെറ്റ്, ബർമാ ബ്രിജ്, ഹാമിങ് ലേഡർ, ബാലൻസിംഗ് ബീം, ജുമാർ ക്ലൈമ്പിങ്, വാലി ക്രോസിങ്, ടണൽ ക്രോളിങ് തുടങ്ങിയ അഡ്വഞ്ചർ കായിക സംവിധാനങ്ങളാണ് ക്യാംപിന്റെ ഭാഗമയി കുട്ടികൾ പരിഷ്കരിക്കുന്നത്. മറ്റ് നിർമാണം പിന്നീട് എൻജിനീയറിങ് വിഭാഗം ടെൻഡർ നൽകി നിർമിക്കും. സ്റ്റേഡിയം പരിസരത്ത് ഒരേക്കറിലാണ് അഡ്വഞ്ചർ പാർക്ക്. മുൻപ് എളിയ നിലയിൽ തുടങ്ങി ചെറിയ തോതിൽ സാഹസിക കായിക പരിശീലനം തുടങ്ങിയതിന് പിന്നാലെ സാമഗ്രികൾ കേടായി. ഫണ്ട് ലഭ്യമാക്കി സമീപ ഭാവിയിൽ തന്നെ മികച്ച അഡ്വഞ്ചർ പാർക്ക് യാഥാർഥ്യമാക്കാനാണ് തീരുമാനമെന്ന് കായിക ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.