5 വർഷം, യമുനയിലെ ജലമലിനീകരണം വൻതോതിൽ വർധിച്ചെന്ന് റിപ്പോർട്ട്; പതഞ്ഞൊഴുകുന്നു പാഴ്വാക്കുകൾ

Mail This Article
ന്യൂഡൽഹി ∙ യമുനാ നദിയിൽ കഴിഞ്ഞ 5 വർഷത്തിനിടെ ജലമലിനീകരണം വൻ തോതിൽ വർധിച്ചതായി സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ റിപ്പോർട്ട്. കുളിക്കാൻ കഴിയുന്ന തരത്തിലേക്ക് യമുനാ നദിയെ മൂന്നു വർഷത്തിനുള്ളിൽ ശുദ്ധീകരിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, നദിയിലെ ജലമലിനീകരണം രൂക്ഷമാകുന്നത് സംബന്ധിച്ചള്ള പരിസ്ഥിതി വകുപ്പിന്റെ റിപ്പോർട്ട് സർക്കാരിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. നദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച ജലസാംപിളുകളിലെല്ലാം ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (ബിഒഡി) തോതു വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിഒഡിയുടെ തോത് എത്രത്തോളമുണ്ടെന്നു കണക്കാക്കിയാണ് ജലത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. ഒരു ലീറ്റർ ജലത്തിൽ ബിഒഡിയുടെ തോത് 3 മില്ലിഗ്രാമിൽ താഴെയാണെങ്കിൽ ശുദ്ധജലമായാണു കണക്കാക്കുക. യമുനാ നദി ഡൽഹിയിലേക്കു പ്രവേശിക്കുന്ന പല്ല, വസീറാബാദ്, ഐഎസ്ബിടി പാലം, ഐടിഒ പാലം, നിസാമുദ്ദീൻ പാലം, ആഗ്ര കനാൽ, ഓഖ്‍ല തടയണ, അസ്ഗർപുർ എന്നിവിടങ്ങളിൽ നിന്നാണു പരിശോധനയ്ക്കായി നദീജലം ശേഖരിച്ചത്. പല്ലയിലെ ജലത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമില്ല.
എന്നാൽ വസീറാബാദിൽ ജലത്തിലെ ബിഒഡി തോത് 3 മില്ലിഗ്രാമിൽ നിന്ന് 9 മില്ലിഗ്രാമിലേക്കു വർധിച്ചിട്ടുണ്ട്. ഐഎസ്ബിടിയിൽ 30ൽ നിന്നു 50ലേക്കും ഐടിഒയിൽ 22ൽ നിന്ന് 55ലേക്കും ബിഒഡി ഉയർന്നു. നിസാമുദ്ദീനിൽ 23ൽ നിന്ന് 60ലേക്കും ആഗ്ര കനാലിൽ 26ൽ നിന്ന് 63 മില്ലിഗ്രാമിലേക്കുമാണു ബിഒഡി വർധിച്ചത്. ബിഒഡി ലീറ്ററിനു 3 മില്ലിഗ്രാമിൽ താഴെയും ഡിസോൾവ്ഡ് ഓക്സിജൻ (ഡിഒ) 5 മില്ലിഗ്രാമിൽ കൂടുതലുമാണെങ്കിൽ മാത്രമേ നദീജലം കുളിക്കാൻ കഴിയുന്ന തരത്തിൽ ശുദ്ധമെന്നു കണക്കാക്കാൻ കഴിയൂവെന്നാണു വിദഗ്ധർ പറയുന്നത്.
നഗരത്തിലെ മലിനജലവും വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളുമായി 22 അഴുക്കുചാലുകളാണു യമുനാ നദിയിലേക്കു വന്നുചേരുന്നത്. ഈ അഴുക്കുചാലുകളിൽ നിന്നുള്ള മലിനജലമാണ് നദിയിലെ ജലമലിനീകരണത്തിന്റെ പ്രധാനകാരണം. മലിനജലം വിവിധ ഘട്ടങ്ങളിലൂടെ സംസ്കരിച്ച് ശുദ്ധീകരിച്ചശേഷം നദിയിലേക്ക് ഒഴുക്കിവിടുന്ന സംവിധാനം നിലവിൽ വന്നാൽ മാത്രമേ യമുനാ നദിയിലെ ജലമലിനീകരണം ശാശ്വതമായി പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായം.