ADVERTISEMENT

ന്യൂഡൽഹി ∙ അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി രേഖ ഗുപ്ത 138 മിനിറ്റ് നീണ്ട ബജറ്റ് അവതരണം നടത്തിയത്. അഴിമതിയുടെയും അനാസ്ഥയുടെയും കാലം അവസാനിച്ചെന്നു പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി മദ്യനയ അഴിമതിക്കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി എഎപി സർക്കാരിനെ കടന്നാക്രമിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 31.5% വർധനയോടെ ഒരു ലക്ഷം കോടി രൂപയുടെ ബജറ്റാണ് ഡൽഹി വികസനത്തിനായി മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎപി സർക്കാരിന്റെ കാലത്ത് 76,000 കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രിയായിരുന്ന അതിഷി അവതരിപ്പിച്ചത്.

അരവിന്ദ് കേജ്‌രിവാളിനെ ഡൽഹിയുടെ മാലിക് (മുതലാളി) എന്നു പരിഹസിച്ച രേഖ ഗുപ്ത ഡൽഹിയെ ലണ്ടനാക്കി മാറ്റുമെന്നായിരുന്നു കേജ്‌രിവാളിന്റെ വാഗ്ദാനമെന്നും ഓർമിപ്പിച്ചു. പക്ഷേ, ഗതാഗതക്കുരുക്കും പാതിമുടങ്ങിയ പദ്ധതികളും ജനങ്ങളെ വീർപ്പുമുട്ടിച്ചു.

കേജ്‌രിവാളിന്റെ കാലത്ത് കോടികൾ മുടക്കി ഔദ്യോഗിക വസതി നവീകരിച്ച കാര്യവും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തി. ‍‘ഡൽഹിയെ ഒരു ടൂറിസം ഹബ്ബാക്കി വികസിപ്പിക്കും. കേജ്‌രിവാളിന്റെ ശീഷ്മഹലും(ചില്ലുകൊട്ടാരം) അതിൽ ഉൾപ്പെടുത്തും. നികുതിപ്പണം ധൂർത്തടിച്ചതിന്റെ ഉദാഹരണം ടിക്കറ്റ് വച്ച് ആളുകളെ കാണിക്കും’– മുഖ്യമന്ത്രി പറഞ്ഞു.

‘നിങ്ങൾ വാഗ്ദാനങ്ങൾ മാത്രം നൽകി, ഞങ്ങൾ നൽകിയ വാക്കുകൾ പ്രാവർത്തികമാക്കും. ഞങ്ങൾക്കു ഭരണമുള്ള സംസ്ഥാനങ്ങളെ നിങ്ങൾ പരിഹസിച്ചു, ഞങ്ങൾ ഒരുമിച്ചു നിന്നു പ്രവർത്തിക്കും. നിങ്ങൾ ശീഷ്മഹൽ നിർമിച്ചു, ഞങ്ങൾ പാവപ്പെട്ടവർക്കു വീടുകൾ നിർമിച്ചുനൽകി. നിങ്ങൾ കോടികൾ മുടക്കി ശുചിമുറി നിർമിച്ചു, ഞങ്ങൾ പാവങ്ങൾക്കു ശുചിമുറി നിർമിച്ചുനൽകി’– മുഖ്യമന്ത്രി പറഞ്ഞു.

ഹവാ, ഹവായ്
അതേസമയം ഹവാ, ഹവായ് (കാറ്റ് മാത്രം) ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു എഎപിയുടെ വിമർശനം. ബജറ്റ് പ്രസംഗം വികസന പ്രഖ്യാപനത്തിനപ്പുറം രാഷ്ട്രീയ വിമർശനത്തിനുള്ള ആയുധമാക്കി മുഖ്യമന്ത്രി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് അതിഷി പറഞ്ഞു. ‘2 മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗത്തിൽ ഒന്നര മണിക്കൂറും മുഖ്യമന്ത്രി തങ്ങളെ വിമർശിക്കാനാണ് വിനിയോഗിച്ചത്. ഇത് തിരഞ്ഞെടുപ്പ് സമയമല്ല. ഡൽഹിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള സമയമാണ്. ബിജെപി സർക്കാരിന്റെ ബജറ്റിൽ ഒരുകാര്യം വ്യക്തമായി, കൂടുതൽ മുദ്രാവാക്യം, കുറച്ച് ജോലി’– അതിഷി പറഞ്ഞു.

ബജറ്റിലെ പ്രധാന നിർദേശങ്ങൾ
വനിതാ ക്ഷേമം
∙ വനിതാ ക്ഷേമത്തിന് 5,100 കോടി (പ്രതിമാസം 2500 ധനസഹായം ഉൾപ്പെടെ)
∙ വനിത സുരക്ഷയ്ക്ക് 50,000 പുതിയ സിസിടിവി ക്യാമറ.
∙ ഗർഭിണികളായ വനിതകൾക്ക് പോഷകാഹാരത്തിനും 21,000 രൂപ ധനസഹായത്തിനും 210 കോടി
∙ ബസുകളിൽ വനിതകൾക്ക് പിങ്ക് ടിക്കറ്റിന് പകരം സൗജന്യ യാത്രയ്ക്ക് കാർഡുകൾ
∙ ഗാർഹിക പീഡനത്തിരയാകുന്ന വനിതകളുടെ താമസത്തിനുള്ള സഖി കേന്ദ്രങ്ങൾക്ക് 11 കോടി

വിദ്യാഭ്യാസം
∙ വിദ്യാഭ്യാസ വികസനത്തിന് 100 കോടി രൂപ ചെലവിൽ ‘സിഎം ശ്രീ’ സ്കൂളുകൾ
∙ പത്താംക്ലാസിൽ പാസായ 12,00വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകാൻ 750 കോടി.
∙ നരേലയിൽ പുതിയ വിദ്യാഭ്യാസ ഹബ്
∙ തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിൽ ഭാഷാ ലാബുകൾ ആരംഭിക്കാൻ 21 കോടി.
∙ സ്മാർട്ട് ക്ലാസ് റൂമുകൾക്കു കംപ്യൂട്ടർ ലാബുകൾക്കും 100 കോടി
∙ സിൽക്ക് ഒൻട്രപ്രനർഷിപ് സർവകലാശാലയ്ക്ക് 230 കോടി
∙ നേതാജി സുഭാഷ് ടെക്നോളജിക്കൽ സർവകലാശാലയ്ക്ക് 57 കോടി
∙ ഡൽഹി ടെക്നോളജിക്കൽ സർവകലാശാലയ്ക്ക് 42 കോടി
∙ ഇൻഡസ്ട്രിയിൽ ട്രെയ്നിങ് സർവകലാശാലയ്ക്ക് 68 കോടി

ആരോഗ്യം
∙ ആരോഗ്യ മേഖലയ്ക്ക് (ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉൾപ്പെടെ) 6,874 കോടി
∙ ആയുഷ്മാൻ ആരോഗ്യ പദ്ധതിയിൽ കേന്ദ്രം നൽകുന്ന വിഹിതത്തിന് പുറമേ 5 ലക്ഷം രൂപയുടെ അധിക ആനൂകൂല്യം സംസ്ഥാന സർക്കാർ നൽകുന്നതിനായി 2,144 കോടി രൂപ.
∙ 400 ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ‌ക്ക് 320 കോടി(ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾക്കൊപ്പം)
∙ ആയുഷ്മാൻ ഡിജിറ്റൽ മിഷന് 10 കോടി
∙ 13 സർക്കാർ ആശുപത്രികളുടെ നിർമാണം അതിവേഗത്തിലാക്കാൻ 1000 കോടി

സാമൂഹിക ക്ഷേമം
∙ മുതിർന്ന പൗരൻമാരുടെ ആനൂകൂല്യങ്ങൾ കുടിശിക സഹിതം നൽകാൻ 210 കോടി.
∙ ഭിന്നശേഷി, വിധവാ പെൻഷനുകൾ 3000 രൂപയാക്കി വർധിപ്പിച്ചു. ഇതുൾപ്പെടെ സാമൂഹികസുരക്ഷ, ക്ഷേമ പെൻഷനുകൾക്ക് 10,047 കോടി.
∙ പാവപ്പെട്ടവർക്ക് 5 രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന 100 അടൽ കന്റീനുകൾ‌ക്ക് 100 കോടി.
∙ അങ്കണവാടി കേന്ദ്രങ്ങൾക്ക് 1,000 കോടി

അടിസ്ഥാനസൗകര്യ വികസനം
∙ കുടിവെള്ള, ശുചീകരണ പദ്ധതികൾക്ക് 9000 കോടി
∙ ഗതാഗത മേഖലയ്ക്ക് 12,952 കോടി(5000 പുതിയ ഇലക്ട്രിക് ബസുകൾ), എൻസിആർ കണക്ടിവിറ്റിക്ക് 1000 കോടി
∙ ‍ഡൽഹി മെട്രോയ്ക്ക് 2,929 കോടി രൂപ
∙ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 12,00 കോടി രൂപ
∙ ചേരികളുടെ വികസനത്തിന് 696കോടി
∙ ഡൽഹി മുനിസിപ്പൽ കോർപറേഷന് 6,897 കോടി രൂപ
∙ തിഹാർ ജയിൽ നഗരത്തിനു പുറത്തേക്ക് മാറ്റും.
∙ മൃഗക്ഷേമത്തിന്(ഗുമ്മൻഹേരയിൽ പുതിയ ഗോശാല ഉൾപ്പെടെ) 40 കോടി രൂപ.
∙ ഡൽഹി ഫയർ സർവീസിന് 125 കോടി

പരിസ്ഥിതി
∙ വനം–പരിസ്ഥിതി വകുപ്പിന് 506 കോടി രൂപ.
∙ വായുമലിനീകരണം നിയന്ത്രിക്കാൻ 300 കോടി രൂപ
∙ യമുന ശുചീകരണത്തിന് 1,250 കോടി രൂപ
∙ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നവീകരണത്തിന് 500 കോടി
∙ സുവിജ് ലൈനുകളുടെ അറ്റകുറ്റപ്പണികൾക്ക് 250 കോടി

വ്യവസായം
∙ ഡൽഹിയെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ ട്രേഡേഴ്സ് വെൽഫെയർ ബോർ‍ഡ് രൂപീകരിക്കും
∙ രണ്ടുവർഷം കൂടുമ്പോൾ ഗ്ലോബൽ നിക്ഷേപ സംഗമം നടത്തും.
∙ തേനീച്ച വളർത്തൽ ഉൾപ്പെടെ നൈപുണ്യ വികസനത്തിന് 50 കോടി
∙ ചെറുകിട വ്യവസായ മേഖലയ്ക്ക് 50 കോടി രൂപ

കല, സാംസ്കാരികം, ടൂറിസം
∙ രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനത്തിന് 30 കോടി രൂപ
∙ ഫെലോഷിപ് പ്രോഗ്രാമുകൾക്ക് 2 കോടി
∙ വിനോദ സഞ്ചാര വികസനത്തിന് 117 കോടി
∙ മൈഥിലി, ഭോജ്പുരി അക്കാദമിക്ക് 6 കോടി

English Summary:

delhi Budget 2025: Chief Minister Rekha Gupta's 138-minute budget speech promised a crackdown on corruption and outlined key financial strategies for the year. The speech detailed significant financial allocations across various sectors.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com