സൂക്ഷിച്ചോ, സാധനം കൈയ്യിലുണ്ട്; നമ്പർ പ്ലേറ്റിന്റെ ഒറ്റച്ചിത്രം മതി വാഹന ചരിത്രമറിയാൻ

Mail This Article
പാലക്കാട്∙ വാഹന പരിശോധന കൂടുതൽ ഡിജിറ്റലാക്കാൻ പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) ഉപകരണവുമായി മോട്ടർ വാഹനവകുപ്പ്. കേന്ദ്രീകൃത സോഫ്റ്റ്‌വെയറായ പരിവാഹനുമായി ബന്ധിപ്പിച്ച ഇ–ചെലാൻ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പരിശോധനാ റിപ്പോർട്ടുകൾ തയാറാക്കുക. പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ചിത്രം ഇ–പോസ് മെഷീൻ വഴിയെടുത്താൽ വാഹനം സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കും. വാഹനം മുൻപ് ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ടിട്ടുണ്ടോ, ഏതെങ്കിലും പിഴ അടയ്ക്കാൻ ബാക്കിയുണ്ടോ തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും.
പിഴത്തുക ഓൺലൈനായോ എടിഎം കാർഡ് സ്വൈപ് ചെയ്തോ അടയ്ക്കാം. പണം ഇല്ലാത്ത പക്ഷം പിന്നീട് ഓഫിസിലെത്തിയോ നേരിട്ട് കോടതിയിലോ അടയ്ക്കാം. പിഴ ഒടുക്കാത്ത പക്ഷം വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സംവിധാനവും പിഒഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ പിടിക്കപ്പെട്ട വാഹനത്തിന്റെ ഉടമയുടെ ലൈസൻസ് നമ്പറും ശേഖരിക്കാൻ സൗകര്യമുണ്ട്.
പിന്നീട് എപ്പോഴെങ്കിലും ഈ വ്യക്തി പിടിക്കപ്പെടുകയാണെങ്കിൽ അയാളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എൻഫോഴ്സ്മെന്റ് ആർടിഒ വി.എ.സഹദേവന്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകളാണ് ഓണക്കാല പരിശോധനയ്ക്കായി നിരത്തിലുള്ളത്.