അഖിൽ ഇനി നാവിക സേനയുടെ ‘താരം’

Mail This Article
പാലക്കാട് ∙ മാത്തൂർ സിഎഫ്ഡി അത്‌ലറ്റിക് ക്ലബ്ബിലെ കെ.എ.അഖിൽ ഇനി ഇന്ത്യൻ നാവിക സേനയിൽ. ഖേലോ ഇന്ത്യയടക്കം വിവിധ ദേശീയ ചാംപ്യൻഷിപ്പുകളിൽ കേരളത്തിനായി മെഡലുകൾ നേടിയ താരം ഈ മാസം 30നു നാവികസേനയുടെ ആസ്ഥാന കേന്ദ്രമായ മുംബൈ ഹംലയിൽ ജോലിയിൽ പ്രവേശിക്കും. പരുത്തിപ്പുള്ളി കൊഴിഞ്ഞാമ്പറമ്പ് കെ.ആർ.അനീഷിന്റെയും സുമയുടെയും മകനായ അഖിൽ 2015 മുതൽ മാത്തൂർ സിഎഫ്ഡിയുടെ താരമാണ്.
ജി.വി.രാജ അവാർഡ് ജേതാവും കായികാധ്യാപകനുമായ കെ.സുരേന്ദ്രനാണ് അഖിലിന്റെ നേട്ടങ്ങളുടെ പിന്നിൽ. 800, 1500 മീറ്ററുകളിലും റിലേ മത്സരങ്ങളിലുമാണു താരം മുഖ്യമായും സ്പൈക് അണിഞ്ഞത്. സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണം അടക്കം 5 മെഡൽ നേടിയിട്ടുണ്ട്. സംസ്ഥാന ജൂനിയർ മീറ്റിൽ 9 മെഡൽ. ഖേലോ ഇന്ത്യ മീറ്റ് അടക്കം ദേശീയ ചാംപ്യൻഷിപ്പുകളിൽ 12 തവണ പങ്കെടുത്ത് മൂന്നു ദേശീയ മെഡലുകളും നേടി. 2022ൽ കാലിക്കറ്റ് സർവകലാശാല മീറ്റിൽ 800, 1500 മീറ്ററുകളിൽ സ്വർണം നേടി. വിശാഖപട്ടണത്തു നടന്ന ഇന്ത്യൻ നേവിയുടെ ട്രയൽസിൽ മികച്ച സമയവുമായി നിയമനത്തിനുള്ള യോഗ്യതയും നേടി.
കോതമംഗലം അത്‌ലറ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുമായ റോയ് വർഗീസിന്റെ സാമ്പത്തിക സഹായവും പരിശീലനത്തിനായി താരത്തിനു ലഭിച്ചു. നിലവിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. സഹോദരി അനാമികയും കായിക താരമാണ്. ഗുഡ്സ് വാഹനത്തിലെ തൊഴിലാളിയായ അച്ഛൻ അനീഷിന്റെയും അമ്മ സുമയുടെയും തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. മകന്റെ കഠിന പ്രയത്നത്തിനുള്ള പ്രതിഫലമാണ് പുതിയ നട്ടമെന്നും സന്തോഷമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.