26,000 രൂപ ചെലവിൽ വാട്ടർ കൂളർ; തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വാഗ്ദാനം നടപ്പാക്കി കെഎസ്‍യു പ്രവർത്തകർ
Mail This Article
ഒറ്റപ്പാലം∙ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കാനുള്ളതാണെന്നു ചിന്തിക്കുന്നവരാണു യുവതലമുറ. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ ഒരുവിഭാഗം വിദ്യാർഥികൾ കഴിഞ്ഞവർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും വാഗ്ദാനങ്ങൾ വിഴുങ്ങിയില്ല. ക്യാംപസിനുള്ളിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ വിലക്കുണ്ടെന്നിരിക്കെ, ഇന്നലെ കോളജിനു പുറത്തു പാതയോരത്തു കെഎസ്‍യു പ്രവർത്തകർ നടത്തിയ ഭക്ഷ്യമേള വാഗ്ദാനപാലനത്തിന്റെ ഭാഗമായിരുന്നു. കപ്പയും കോഴിക്കറിയുമാണ് അവർ സഹപാഠികൾക്കു വിതരണം ചെയ്തത്.
ക്യാംപസിൽ വാട്ടർ കൂളർ, ക്ലാസ് മുറികളിൽ വേസ്റ്റ് ബിന്നുകൾ, ഫുഡ് ഫെസ്റ്റ് , ‘സ്റ്റെപ് അപ്’ എന്ന പേരിൽ യുപിഎസ്‌സി-പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കാനുള്ള പരിശീലനം തുടങ്ങിയവയായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പു കാലത്ത് ഇവർ പ്രകടനപത്രികയിൽ അക്കമിട്ടു നിരത്തിയ വാഗ്ദാനങ്ങൾ. തിരഞ്ഞെടുപ്പിൽ കോളജിലെ 51 ക്ലാസുകളിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 35 സീറ്റുകളിൽ മത്സരിച്ച വിഭാഗത്തിനു ജയിക്കാനായതു 13 സീറ്റിൽ മാത്രം.
അതേസമയം, തോറ്റാലും ജയിച്ചാലും വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നായിരുന്നു ഇവരുടെ ഉറപ്പ്. ഇതേ കോളജിൽ പഠനം പൂർത്തിയാക്കി ഗൾഫിൽ ജോലിചെയ്യുന്ന കോൺഗ്രസ് അനുഭാവിയുടെ ധനസഹായത്തോടെ 26,000 രൂപ ചെലവിൽ വാട്ടർ കൂളറും ക്ലാസ് മുറികളിൽ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചെന്നും ഉദ്യോഗാർഥികൾക്കു മത്സര പരീക്ഷകളെ നേരിടാൻ ഉതകുന്ന 2 വാട്സാപ് ഗ്രൂപ്പുകളും നേരത്തെ നടപ്പാക്കിയിരുന്നെന്നും കെഎസ്‍യു നിയമസഭാ മണ്ഡലം പ്രസിഡന്റ് ബി.ജിത്തു വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
നടപ്പാക്കാൻ വൈകിപ്പോയ വാഗ്ദാനമാണ് ഇന്നലെ, കപ്പയും ചിക്കനും വിതരണം ചെയ്തു പൂർത്തിയാക്കിയത്. ഇതേ കോളജിലെ പൂർവവിദ്യാർഥിയായ വി.കെ.ശ്രീകണ്ഠൻ എംപി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ബി.ജിത്തു അധ്യക്ഷനായി. എച്ച്.ഷഫീക്ക്, യു.അനന്തകൃഷ്ണൻ, കെ.വിനയ്, കെ.എസ്.ആതിര, എം.അശ്വിനി, വി.ശ്യാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ..