കാക്കയൂർ നീന്തൽക്കുളത്തിൽ നിന്ന് കേരള ടീമിലേക്ക് ഐവർ സംഘം

Mail This Article
കൊടുവായൂർ ∙ ദേശീയ ജൂനിയർ വാട്ടർപോളോ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിൽ കാക്കയൂർ നീന്തൽക്കുളത്തിൽ പരിശീലിക്കുന്ന 5 താരങ്ങൾ ഇടം പിടിച്ചു. ഇൻഡോറിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിനുള്ള ആൺകുട്ടികളുടെ ടീമിൽ 4 പേരും പെൺകുട്ടികളുടെ ടീമിൽ ഒരാളുമാണ് ഉൾപ്പെട്ടത്. കൊടുവായൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ യു.അഖിൽ, എച്ച്.ഷാൻ എന്നിവരും നെന്മാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എം.അവിനാഷ്, തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എം.ശാശ്വത് എന്നിവർ ആൺകുട്ടികളുടെ സംസ്ഥാന ടീമിലുൾപ്പെട്ടു. പ്ലസ്ടു പഠനം പൂർത്തിയാക്കി ഡിഗ്രിക്കു ചേരാനിരിക്കുന്ന പി.അർച്ചനയാണു ദേശീയ ചാംപ്യൻഷിപ്പിനുള്ള പെൺകുട്ടികളുടെ കേരള ടീമിലുൾപ്പെട്ട കാക്കയൂർ സ്വിമ്മിങ് ടീമിലെ താരം. കാക്കയൂർ ക്ഷേത്രക്കുളത്തിൽ സി.സുരേഷിന്റെ ശിക്ഷണത്തിലാണ് ഇവരുടെ പ്രധാന പരിശീലനം.