പൊലീസ് അകമ്പടിയിൽ ബാങ്കിലെത്തി; ജാഡയല്ല, ജഡയന് 10 ലക്ഷം രൂപ ലോട്ടറി അടിച്ചതിന്റെ ആശങ്ക

Mail This Article
ഷോളയൂർ ∙ തനിക്കു 10 ലക്ഷം രൂപ ലോട്ടറിയടിച്ചെന്ന വിവരം നല്ലശിങ്ക ഉന്നതിയിലെ ജഡയന് (50) ആദ്യം വിശ്വസിക്കാനായില്ല. സംഭവം സ്ഥിരീകരിച്ചതോടെ ടിക്കറ്റ് എന്തുചെയ്യുമെന്നായി ആശങ്ക. മാറ്റാരെയും അറിയിക്കാനും വിശ്വസിച്ച് ഏൽപിക്കാൻ ബാങ്കിൽ പോലും പോകാനും ജഡയന് ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ നേരെ ഷോളയൂർ പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ആനക്കട്ടിയിൽ നിന്നു വാങ്ങിയ കേരള സർക്കാരിന്റെ 50:50 ഭാഗ്യക്കുറി ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചെന്നും നാട്ടിലറിയും മുൻപ് ടിക്കറ്റ് ബാങ്കിലെത്തിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ പൊലീസ് ഉദ്യമം ഏറ്റെടുത്തു. പൊലീസ് വാഹനത്തിൽ സായുധ അകമ്പടിയോടെ ജഡയനെ അഗളി എസ്ബിഐ ശാഖയിലെത്തിച്ചു. മാനേജരുമായി സംസാരിച്ച് ജഡയന്റെ ഭാര്യ ബേബിയുടെ അക്കൗണ്ടിൽ ടിക്കറ്റ് സമർപ്പിച്ചു. ജഡയനെ തിരികെ വീട്ടിലെത്തിച്ചാണു പൊലീസ് മടങ്ങിയത്. മേസ്തിരി ജോലിക്കാരനായ ജഡയന് 3 മക്കളുണ്ട്. പവിത്ര, പവിഴ, മരുതാചലം.