തൊഴിലുറപ്പു തൊഴിലാളികൾ മണിയമ്പാറയിൽ തടയണ കെട്ടി

Mail This Article
പെരിങ്ങോട്ടുകുറിശ്ശി∙ പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികൾ മണിയമ്പാറ തോട്ടിൽ നീർത്തട സംരക്ഷണത്തിനായി താൽക്കാലിക തടയണ നിർമിച്ചു. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി മണൽച്ചാക്കുകൾ നിറച്ചാണു തടയണ നിർമിച്ചിട്ടുള്ളത്. കനാൽ ജലസേചനം നിർത്തിയതോടെയാണ് തൊഴിലാളികൾ പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശത്തെത്തുടർന്നു തടയണയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ജലസമൃദ്ധമായ തടയണ സമീപത്തെ ഒട്ടേറെ കുടുംബങ്ങൾക്കും ക്ഷീരകർഷകർക്കും പക്ഷികൾ ഉൾപ്പെടെ ഒട്ടേറെ ജീവികൾക്കും പ്രയോജനം ലഭിക്കുന്നതാണ്. ധാരാളം ഉറവുള്ള തോട്ടിൽ വേനൽ കഴിയും വരെ ഒരു കിലോമീറ്ററോളം ജലം നിറഞ്ഞു നിൽക്കും.
കാലവർഷം തുടങ്ങുന്നതോടെയാണു തടയണ തുറന്നു വിടുക. തോടിന്റെ ഇരുഭാഗത്തും കൈത നിറഞ്ഞു നിൽക്കുന്നതിനാൽ ജലത്തിനു തണുപ്പും കൂടുതലാണ്. തടയണ പ്രധാന റോഡിനു സമീപത്തായതിനാൽ വൈകിയും ആളുകൾ കുളിക്കാൻ ഇവിടെയെത്താറുണ്ട്. തെരുവു വിളക്കും സ്ഥാപിച്ചിട്ടുണ്ട്. തോട്ടിൽ ഷട്ടറോടു കൂടിയ സ്ഥിരം തടയണ വേണം എന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.