പട്ടാമ്പിയിൽ പുതിയ പാലം: നിർമാണം ആരംഭിച്ചു

Mail This Article
പട്ടാമ്പി ∙ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. പട്ടാമ്പിയിൽ പുതിയ പാലം പണിയണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പഴയ പാലം നില നിർത്തി ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കണമെന്ന് പട്ടാമ്പിയുടെ ആവശ്യമാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നടപ്പാകുന്നത്. പട്ടാമ്പി, തൃത്താല പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ഭാരതപ്പുയ്ക്ക് കുറുകെ നിലവിലെ പാലത്തിന് സമീപം പുതിയ പാലം നിർമാണം തുടങ്ങിയത്. തൃത്താല പഞ്ചായത്തിലെ ഭാഗത്തുള്ള പാലത്തിന്റെ തൂണുകളുടെ അടിത്തറ നിർമാണമാണ് നടക്കുന്നത്. ഭാരതപ്പുഴയിൽ പാലത്തിന്റെ പണി നടത്താനുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്ന പണികളും പുരോഗമിക്കുകയാണ്. മഴക്കാലത്ത് ഭാരതപ്പുഴ നിറയുകയും വെള്ളം പട്ടാമ്പി പാലത്തിന് മുകളിൽ കയറുകയും ചെയ്യുമ്പോഴാണ് പട്ടാമ്പിയിൽ പുതിയ പാലം വേണമെന്ന ആവശ്യം ഉയർന്നിരുന്നത്. പലതവണ പാലത്തിൽ വെള്ളം കയറിയിറങ്ങുകയും നിലവിലെ പാലത്തിന് ബലക്ഷയം ഉണ്ടെന്ന പ്രചാരണം ഉണ്ടാകുകയും ചെയ്തെങ്കിലും പുതിയ പാലം എന്ന ആവശ്യം നടപ്പാകാൻ വർഷങ്ങളുടെ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാലം വരുമെന്ന് കേട്ടുതുടങ്ങിയതാണെങ്കിലും തുക അനുവദിച്ച് അനുമതി ലഭിച്ചില്ല. സി.പി. മുഹമ്മദ് എംഎൽഎ ആയിരിക്കുമ്പോൾ പാലത്തിനായി ഏറെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 5 വർഷക്കാലം പാലം വേണമെന്ന ആവശ്യം നടപ്പാക്കാൻ മുഹമ്മദ് മുഹസിൻ എംഎൽഎ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ പുതിയ പാലത്തിനായുള്ള ശ്രമം മുഹമ്മദ് മുഹസിൻ എംഎൽഎ തുടരുകയായിരുന്നു. പട്ടാമ്പിയുടെ ശക്തമായ ആവശ്യവും തൃത്താല എംഎൽഎയും മന്ത്രിയുമായ എ.ബി. രാജേഷിന്റെ സഹായവുമെല്ലാം കൂടിച്ചേർന്നതോടെയാണ് രണ്ടാം എൽഡിഎഫ് സർക്കാർ പാലം നിർമാണത്തിന് അനുമതി നൽകി. അനുമതിയും ഫണ്ടും ലഭിച്ചതോടെ നിർമാണം വേഗത്തിൽ ആരംഭിക്കാൻ മുഹമ്മദ് മുഹസിൻ എംഎൽഎയും മന്ത്രി എം.ബി. രാജേഷും ആവശ്യമായ ഇടപെടലുകൾ നടത്തിയതോടെയാണ് പാലം നിർമാണം വേഗം തുടങ്ങിയത്.
ഭാരതപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ നടപടി ക്രമങ്ങൾ പൂർത്തിയാക്കി, നിർമാണത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് തുടങ്ങിയത്. രണ്ട് വർഷത്തെ കാലാവധിയാണ് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയായ പാലത്തിന്റെ നിർവഹണ ഏജൻസി കെആർഎഫ്ബി (കേരള റോഡ് ഫണ്ട് ബോർഡ്) ആണ്. പാലത്തിന്റെ നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 52.576 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഇലക്ട്രിസിറ്റി ബോർഡിനു പോസ്റ്റുകളും ലൈനുകളും മാറ്റുന്ന യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 10.5 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. 69.16 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനായി 6 കോടി 40 ലക്ഷം രൂപയാണ് നീക്കി വച്ചിട്ടുള്ളത്. പാലത്തിന്റെ നിർമാണത്തിനായി 40 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും 33 കോടിക്കാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്. ജാസ്മിൻ കൺസ്ട്രക‍്ഷനാണ് പദ്ധതിയുടെ ടെൻഡർ ഏറ്റെടുത്തത്.
പുതിയ പാലം പണിയുമെന്ന വർഷങ്ങളായി പറയുകയും സ്ഥലപരിശോധനയും മറ്റും പല തവണ നടക്കുകയും ചെയ്തതോടെ പാലം വരുമെന്ന് പറയുന്നത് വാഗ്ദാനമായി തുടരുമെന്ന പ്രചാരണം ശക്തമായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് പാലത്തിൽ പുഴവെള്ളം കയറി ദിവസങ്ങളോളം ഗതാഗതം മുടങ്ങിയതോടെ പുതിയ പാലം വേണമെന്ന ആവശ്യം കൂടുതൽ ശക്തമായി. പുതിയ പാലത്തിനായി മലയാള മനോരമ വാർത്താ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ പാലം ആവശ്യം പട്ടാമ്പിയുടെ പ്രധാന പരിഗണനാവിഷയമായി ഉയർന്നതോടെയാണ് ആവശ്യം സർക്കാർ അംഗീകരിച്ചതും നിർമാണം തുടങ്ങിയതും. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും പാലത്തിന്റെ പണി തുടങ്ങിയതോടെ പട്ടാമ്പിയിൽ പുതിയ പാലം വരുമെന്ന കാര്യം ഉറപ്പായ സന്തോഷത്തിലാണ് നാട്.