ടിപ്പറുകൾ കൂട്ടിയിടിച്ചു; ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ 2 മണിക്കൂർ ശ്രമം

Mail This Article
മരുതിമൂട് (അടൂർ) ∙ കെപി റോഡിൽ പച്ചമണ്ണുമായി വന്ന ടിപ്പർ ലോറി എതിരേ വന്ന മറ്റൊരു ടിപ്പർ ലോറിയുടെ വശത്തേക്ക് ഇടിച്ചു കയറി. അപകടത്തിൽ മുൻവശം തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത് 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ഇന്നലെ രാവിലെ 10.30ന് മരുതിമൂട് ജംക്‌ഷനിലായിരുന്നു അപകടം നടന്നത്. മണ്ണു കയറ്റി വന്ന ലോറിയുടെ ഡ്രൈവർ ചെങ്ങന്നൂർ വാഴാർമംഗലം വെട്ടുകാട്ടിൽ മനോജ് (34) ആണ് ഡ്രൈവർ ക്യാബിനുള്ളിൽ കുടങ്ങിയത്.
കാലിനു പരുക്കേറ്റ ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂരിൽനിന്ന് മണ്ണുമായി മാവേലിക്കരയ്ക്കു പോയ ലോറിയാണ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുടെ വശത്തേക്ക് ഇടിച്ചു കയറിയത്. നിയന്ത്രണം വിട്ടു വന്ന ലോറിയുടെ മുൻവശം ഇടിയിൽ തകർന്നു. ഇതിനുള്ളിൽ ഡ്രൈവർ കുടുങ്ങി കിടക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും എത്തി നാട്ടുകാർക്കൊപ്പം ഡ്രൈവറെ പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല.
പിന്നീട് സ്റ്റേഷൻ ഓഫിസർ സക്കറിയാ അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് തകർന്ന ഭാഗം മുറിച്ചു മാറ്റുകയും മണ്ണുമാന്ത്രി യന്ത്രവും ക്രെയിനും ഉപയോഗിച്ച് ലോറി വലിച്ചു നീക്കുകയും ചെയ്തതോടെയാണ് രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മനോജിനെ പുറത്തെടുത്ത്. 2 കാലിനും പരുക്കേറ്റിട്ടുണ്ട്. രണ്ടു മണിക്കൂറോളം കെപി റോഡിൽ ഗതാഗതം സ്തംഭിച്ചു. അപകടമറിഞ്ഞ് സ്ഥലത്ത് വൻജനാവലിയാണ് കൂടിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.