അമിതവേഗത്തിൽ ടോറസ്; അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
കുമ്പഴ ∙ അമിത വേഗത്തിൽ പാഞ്ഞെത്തിയ ടോറസ് ലോറിയിൽ നിന്ന് അച്ഛനും മകളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കുമ്പഴ–വെട്ടൂർ– അട്ടച്ചാക്കൽ റോഡിൽ റേഡിയോ കവലയ്ക്ക് സമീപം ഇന്നലെ രാവിലെ 8.15ന് പൊതുപ്രവർത്തകൻ അജേഷ് കോയിക്കൽ അട്ടച്ചാക്കൽ കേന്ദ്രീയ വിദ്യാലയത്തിലേക്ക് നാലാം ക്ലാസിൽ പഠിക്കുന്ന മകളുമായി ഇരുചക്ര വാഹനത്തിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
കോന്നിയിൽ നിന്ന് ലോഡുമായി കുമ്പഴ ഭാഗത്തേക്ക് വന്ന ലോറി അതേദിശയിലുള്ള മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട് ഇരുചക്ര വാഹനത്തിനു സമീപത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. അപകടം മുന്നിൽ കണ്ട് ഭയന്ന അച്ഛന്റെയും മകളുടെയും നിലവിളി കേട്ട് നാട്ടുകാർ കൈ ഉയർത്തി ടോറസ് ഡ്രൈവറെ അറിയിച്ചപ്പോഴാണ് ലോറി ഡ്രൈവർ ഇരുചക്രവാഹനം ശ്രദ്ധിക്കുന്നതും ലോറി നിർത്തുന്നതും. ആളുകൾ ഓടിക്കൂടി ഡ്രൈവർക്ക് താക്കീത് നൽകി.
വർഷങ്ങൾക്ക് മുൻപ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡാണിത്. നിലവാരം വന്നതോടെ ടോറസുകൾ ഉൾപ്പെടെ ഇതുവഴി നിലം തൊടാതെ പായുകയാണ്. വാഹനങ്ങളുടെ അമിതവേഗത്താൽ കാൽനട യാത്രികരും ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. കുമ്പഴ ഭാഗത്ത് നിന്ന് കോന്നി ടൗൺ ചുറ്റിക്കറങ്ങാതെ കോന്നി മെഡിക്കൽ കോളജ്, തണ്ണിത്തോട്, അട്ടച്ചാക്കൽ, പയ്യനാമൺ, മുരിങ്ങമംഗലം, ഐരവൺ എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിൽ എത്തിപ്പെടാനുള്ള പ്രധാന റോഡാണിത്.
അതിനാൽ മിക്കപ്പോഴും വാഹനങ്ങളുടെ തിരക്കാണിവിടെ. ടോറസ് ലോറികൾ ഉൾപ്പെടെയുള്ളവയുടെ അമിതവേഗം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.