ADVERTISEMENT

പന്തളം ∙ പാൽ വില വർധിപ്പിക്കുന്നതിനു മുന്നേ കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. പാൽ വില കൂട്ടിയാലും ഗുണമുണ്ടാകില്ലെന്നു കർഷകർ. കാലിത്തീറ്റ വില ചാക്കിന് 150 മുതൽ 180 രൂപ വരെ വർധിച്ചതാണ് കാരണം. കേരള ഫീഡ്‌സ് മിടുക്കി, എലൈറ്റ് തുടങ്ങിയ 50 കിലോ ചാക്കുകളിൽ വരുന്ന ബ്രാന്‍ഡുകൾക്ക് 150 രൂപ വർധിപ്പിച്ചപ്പോൾ മിൽമയുടെ കാലിത്തീറ്റയ്ക്കു 180 രൂപ കൂടി. വില വർധന നിയന്ത്രിച്ചില്ലെങ്കിൽ പശു വളർത്തൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ വ്യക്തമാക്കുന്നു. ഈ വർഷമാദ്യം പാൽവില വർധന ആവശ്യപ്പെട്ട് ക്ഷീരകർഷകർ രംഗത്തെത്തിയപ്പോൾ ലീറ്ററിന് നാലുരൂപ വീതം കർഷകർക്ക് ഇൻസെന്റീവായി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചെങ്കിലും ഇത് കർഷകർക്ക് ലഭിച്ചത് ജൂലൈയിൽ മാത്രമാണ്.

2019 നു ശേഷം പാലിനു ലീറ്ററിനു ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ല. എന്നാൽ 2019 മുതൽ 2022 വരെ കാലിത്തീറ്റയ്ക്കു നാല് തവണയാണ് വില വർധിപ്പിച്ചത്. 2019-ൽ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 1050 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 1400നും 1550നും ഇടയിലായി. ഇൗ മാസം ആദ്യം തന്നെ മിൽമയുടെ ഗോമതി ഗോർഡ് കാലിത്തീറ്റയുടെ വില 1370-ൽ നിന്ന് 1550 രൂപയും ഗോമതി റിച്ചിന്റെ വില 1240-ൽ നിന്ന് 1400 രൂപയുമാണ് വർധിപ്പിച്ചത്. ഇരുപത് പശുക്കളുള്ള ഒരു കർഷകന് ശരാശരി മൂന്ന് ചാക്കിലേറെ കാലിത്തീറ്റ ഒരു ദിവസം വേണ്ടിവരുമെന്നിരിക്കെ വില വർധന മൂലം ദിനംപ്രതി 600 രൂപ അധിക ചെലവുണ്ടാകും.

150 ലീറ്റർ പാല്‍ അളന്നാല്‍ ലീറ്ററിനു നാലുരൂപ വച്ച് ലഭിക്കുന്ന ഇൻസെന്റീവ് പ്രകാരം 600 രൂപ കൊണ്ട് കാലിത്തീറ്റ വില വർധന മൂലമുള്ള നഷ്ടം നികത്താൻ ക്ഷീരകർഷകനു കഴിയുകയും ചെയ്യും. പാൽ വില കൂട്ടിയാൽ പോലും ജൂലൈ മാസത്തിൽ മാത്രം നൽകിയ ഇൻസെന്റീവിന്റെ പേരിൽ കാലിത്തീറ്റയുടെ വില വൻതോതിൽ കൂട്ടിയത് ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കിയെന്നു കർഷകർ പറയുന്നു. ഇതുകൂടാതെ മൃഗങ്ങൾക്ക് വരുന്ന രോഗങ്ങളുടെ ചികിത്സയ്ക്കു അമിത ചെലവാണ് ഉണ്ടാകുന്നത്. വായ്പയെടുത്തും കോവിഡ് കാലത്ത് പശുവളർത്തൽ ഉപജീവനമാർഗമായി കണ്ട് വന്ന പുതിയ കർഷകർ പലരും ക്ഷീരമേഖല കൈവിടുന്ന അവസ്ഥയിലെത്തി. കാലിത്തീറ്റ വില കുറയ്ക്കുകയോ ലീറ്ററിന് 4 രൂപ എന്ന നിലയിൽ സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് തുടരുകയോ ചെയ്യണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com