ലഹരിക്കെതിരെ ബോധവൽക്കരണവും നിയമവും ശക്തമാക്കണം: ചിറ്റയം
Mail This Article
അടൂർ ∙ ലഹരി മാഫിയാകളുടെ പ്രവർത്തനമില്ലാതാക്കാനായി സമൂഹത്തിൽ ബോധവൽക്കരണവും നിയമനടപടികളും ശക്തമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ അടൂരിൽ സംഘടിപ്പിച്ച ലഹരി മോചന സ്നേഹ സന്ദേശ യാത്രയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി. സന്ദേശ യാത്ര എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.എ.പ്രദീപ് ഫ്ലാഗ്ഓഫ് ചെയ്തു. കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ ജോസ് കളീക്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ആർഡിഒ എ. തുളസീധരൻപിള്ള, ഡിവൈഎസ്പി ആർ. ജയരാജ്, നഗരസഭാ മുൻ അധ്യക്ഷൻ ഡി. സജി, വിമുക്തി മിഷൻ മാനേജർ ഇൻ ചാർജ് ഷാജി, എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ രാജീവ് ബി.നായർ, എസ്. മനോജ്, തോമസ് ജോൺ മോളേത്ത്, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഫാ. റെജി മാത്യൂസ്, ഡോ. വർഗീസ് പേരയിൽ, ഇട്ടി വർഗീസ്, രാജൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മ്യൂറൽ ആർട്ടിസ്റ്റ് സതീഷ് പറക്കോട് ലഹരിവിരുദ്ധ ചുവർച്ചിത്രം വരയ്ക്കലും വിദ്യാർഥികളുടെ കലപരിപാടികളും നടന്നു. ലഹരിവിരുദ്ധ സന്ദേശമുൾപ്പെടുത്തിയ പ്ലാക്കാർഡുമേന്തി നൂറുകണക്കിനു സ്കൂൾ–കോളജ് വിദ്യാർഥികൾ അണിനിരന്ന ലഹരിമോചന സ്നേഹ സന്ദേശയാത്ര സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ആരംഭിച്ച് ഗാന്ധിസ്മൃതി മൈതാനിയിൽ സമാപിച്ചു.