പന്തീരായിരം വഴിപാട് മാർച്ച് ഒന്നിന്; പടറ്റിക്കുലകൾ നിരന്നു, ശ്രീവല്ലഭക്ഷേത്രം ഒരുങ്ങി

Mail This Article
തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായ പന്തീരായിരം വഴിപാട് മാർച്ച് ഒന്നിനു നടക്കും. വഴിപാടിനുള്ള പടറ്റിക്കുലകൾ ഭക്തർ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കഥകളി മണ്ഡപത്തിൽ സമർപ്പിച്ചു തുടങ്ങി. വഴിപാടായി ലഭിച്ച പടറ്റിക്കുലകൾ, ചൂളയ്ക്കിടാനായി തുകലശേരി മഹാദേവ ക്ഷേത്രത്തിലേക്കു കൊണ്ടുപോകും. മാർച്ച് ഒന്നിനു പഴക്കുലകൾ മഹാദേവ ക്ഷേത്രത്തിൽ നിന്നു ഘോഷയാത്രയായി ശ്രീവല്ലഭ ക്ഷേത്രത്തിലെത്തിക്കും. തുടർന്നു യോഗക്ഷേമസഭ തിരുവല്ല ഉപസഭാംഗങ്ങളായ 51 പേർ പടറ്റിപഴം നിവേദ്യത്തിനായി ഒരുക്കും.
ഒരിക്കൽ ശ്രീവല്ലഭക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശങ്കരമംഗലത്ത് ഇല്ലത്തെ ശ്രീദേവി അന്തർജ്ജനത്തിന് ഏകാദശി പാരണ വീടാൻ എത്തിയ മഹാവിഷ്ണു അവതാരമായ ബ്രഹ്മചാരിക്ക് അന്തർജ്ജനം അന്നു പാളയിലാണ് ആഹാരം നൽകിയത്. ആഹാരത്തോടൊപ്പം പടറ്റിപഴവും നൽകിയിരുന്നു. ഇതിന്റെ ഓർമപ്പെടുത്തലാണു ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടറ്റിപഴം നിവേദ്യം. എല്ലാ വർഷവും ഉത്സവത്തിനു മുന്നോടിയായി പന്തീരായിരം പടറ്റിപഴം നിവേദ്യം നടത്താറുണ്ട്.
ഉദ്ദിഷ്ടകാര്യ സാധ്യത്തിന് ഇടയ്ക്ക് ഭക്തരും ഈ വഴിപാട് നടത്താറുണ്ട്. ഉത്സവത്തിനു മുന്നോടിയായ പന്തീരായിരം വഴിപാടിന് 12000 പഴം ആണ് ആവശ്യമായി വരുന്നത്. എന്നാൽ ഭക്തരുടെ സമർപ്പണം ഇതിന്റെ മൂന്നിരട്ടിയോളം വരാറുണ്ട്. മാർച്ച് ഒന്നിനാണ് കൊടിയേറ്റ്. രാവിലെ 9.45നും 10.15 നും മധ്യേ മേടം രാശിയിലാണ് കൊടിയേറ്റ്. പന്തീരടിപൂജയോടനുബന്ധിച്ചാണു പന്തീരായിരം വഴിപാട് നടക്കുക. വഴിപാട് നിവേദ്യം പ്രസാദമായി ഭക്തർക്കു നൽകും. കൊടിയേറ്റിനു തലേദിവസമായ നാളെ ക്ഷേത്ര മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ 5നു ഗണപതിഹോമവും വൈകിട്ട് 7 നു ഭഗവതിസേവയും ഉണ്ടായിരിക്കും. ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്തവണ ഉത്സവം നടത്തുന്നത്.